പ്രജ്വൽ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന നടത്തി

ബംഗളുരു: ലൈംഗികാതിക്രമ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന നടത്തി.

വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതിയാണ് എസ്.ഐ.ടി ഇതിന് ആശ്രയിച്ചത്. നേരിട്ട് ലൈംഗിക ക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക, മാനസിക, ലൈംഗിക അവസ്ഥകള്‍ ഡോക്ടർമാരുടെ സംഘം വിലയിരുത്തിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്.

ബംഗളൂരു ശിവാജി നഗറിലെ അടല്‍ ബിഹാരി വാജ്‌പേയ് റിസർച്ച്‌ സെന്ററില്‍ ബുധനാഴ്ചയാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം പ്രജ്വലിനെ പരിശോധിച്ചത്. ഫോറൻസിക്, സർജറി, യൂറോളജി, സൈക്യാട്രി, ഗൈനോക്കോളജി വകുപ്പുകളിലെ വിദഗ്ധർ ചേർന്നായിരുന്നു പരിശോധന.

പ്രജ്വലിനെതിരായ ലൈംഗിക പീഡന കേസില്‍ ദൃശ്യങ്ങള്‍ തെളിവായുണ്ടെങ്കിലും പ്രതിയുടെ മുഖം ഒരിടത്തും വ്യക്തമല്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകുന്നത്. ദൃശ്യങ്ങളില്‍ വെളിവാകുന്ന ശരീര ഭാഗങ്ങള്‍ പ്രതിയുടേത് തന്നെയെന്ന് തെളിയിക്കേണ്ടതുണ്ട്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ അനുമതി സമ്പാദിച്ചാണ് എസ്.ഐ.റ്റി പ്രതി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയനാക്കിയത്.

അതിനിടെ, പ്രജ്വലിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ 10 വരെ നീട്ടി. ബംഗളൂരു അഡി. ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി (42)യാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ജുഡീഷ്യൽ കസ്റ്റഡിയിൽ കൈമാറിയത്. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി സമയം വ്യാഴാഴ്ച അവസാനിച്ചതിനാൽ വീണ്ടും കോടതിയിൽ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഹാസൻ മണ്ഡലം ജെ.ഡി.എസ് മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്വലിനെ എസ്.ഐ.ടി സംഘം അറസ്റ്റ് ചെയ്തത്. ഹാസൻ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ 26ന് പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് പോവുകയായിരുന്നു. പ്രജ്വൽ ഉൾപ്പെട്ട കൂട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ വിഡിയോ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു രാജ്യം വിട്ടത്.

കർണാടക സംസ്ഥാന വനിത കമ്മീഷന്റെ അഭ്യർഥനയെത്തുടർന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ മാസം 28ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു.

Tags:    
News Summary - Sex Offence Case: Medical panel examines Prajwal Revanna's Potency to strengthen evidence in rape cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.