പ്രതീകാത്മക ചിത്രം

സി.ബി.എസ്.ഇ അപ്‌ലോഡ് ചെയ്‌ത മാർക്കിൽ പിന്നീട് സ്‌കൂളുകൾക്ക് തിരുത്തൽ നടത്താനാകില്ല -ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിദ്യാർഥിയുടെ ഇന്‍റേണൽ അസസ്മെന്‍റ് മാർക്ക് സി.ബി.എസ്.ഇ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പിന്നീട് തിരുത്തലുകൾ നടത്താൻ കഴിയില്ലെന്ന് ഡൽഹി ഹൈകോടതി. അപ്‌ലോഡ് ചെയ്യുമ്പോൾ പിശക് സംഭവിച്ചാലും പിന്നീട് തിരുത്തലുകൾക്കായി അപേക്ഷിക്കാനാവില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം തിരുത്തലുകൾ അനുവദിക്കുന്നത് ഈ പ്രക്രിയ ആകെ അലങ്കോലമാകുന്നതിലേക്ക് നയിക്കുമെന്നും ഓരോ കേസിലും സി.ബി.എസ്.ഇ സ്വതന്ത്രമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സി. ഹരി ശങ്കർ പറഞ്ഞു. ഒരു രക്ഷിതാവ് നൽകിയ ഹരജി തള്ളിയാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2019 - 2020 അധ്യയന വർഷത്തിൽ പത്താം ക്ലാസിലെ സോഷ്യൽ സ്റ്റഡീസിലെ മകളുടെ ഇന്റേണൽ അസസ്‌മെന്റ് മാർക്ക് ശരിയാക്കാൻ സി.ബി.എസ്.ഇക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് കോടതിയെ സമീപിച്ചത്.

അപ്‌ലോഡ് ചെയ്‌ത മാർക്കിൽ പിശകുണ്ടെന്ന് സ്‌കൂൾ അറിയിച്ചിരുന്നുവെങ്കിലും തിരുത്തലുകൾ വരുത്താനാകില്ലെന്ന് സി.ബി.എസ്.ഇ അറിയിക്കുകയായിരുന്നു.

ഇത്തരം അഭ്യർത്ഥനകളെല്ലാം അംഗീകരിക്കാൻ സി.ബി.എസ്.ഇക്ക് കഴിയില്ല. ഈ രീതി അനുവദിക്കുകയാണെങ്കിൽ, വിദ്യാർഥിക്ക് നൽകിയ യഥാർത്ഥ മാർക്ക് കണ്ടെത്തുന്നതിന് ഓരോ കേസിലും സ്വതന്ത്ര പരിശോധന നടത്തേണ്ടിവരും -കോടതി പറഞ്ഞു. വിദ്യാർഥിയോട് സഹാനുഭൂതി പ്രകടിപ്പിച്ചെങ്കിലും ബോർഡിന്‍റെ തീരുമാനം സി.ബി.എസ്.ഇയുടെ സർക്കുലറിന് അനുസൃതമായതിനാൽ പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.

Tags:    
News Summary - Schools can't seek corrections after uploading CBSE marks says Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.