ന്യൂഡൽഹി: മോദി സ്തുതിയിൽ ശശിതരൂരിന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തരൂരിനെ കപടനാട്യക്കാരൻ എന്ന്‍ വിശേഷിപ്പിച്ച സന്ദീപ് എന്തിനാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്നും ചോദിച്ചു. ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങൾ സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ നല്ലതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അക്കാര്യം വ്യക്തമാക്കണം, അല്ലെങ്കിൽ നിങ്ങൾ ഒരു കപടനാട്യക്കാരനാണെന്നും സന്ദീപ് പറഞ്ഞു.
'രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് താൻ കരുതുന്നില്ല. നിങ്ങൾക്ക് കോൺഗ്രസിന്റെ നയങ്ങൾക്കെതിരെ നിൽക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കിൽ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചു.
‘ശശി തരൂരിന്റെ പ്രശ്നം, അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തതാണെന്നാണ് ഞാൻ കരുതുന്നത്. കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ, ആ നയങ്ങളും പിന്തുടരണമെന്നാണ് തരൂരിന്റെ അഭിപ്രായം. നിങ്ങൾ (തരൂർ) എന്തിനാണ് കോൺഗ്രസിൽ? ഒരു എം.പി ആയതുകൊണ്ടാണോ? ബി.ജെ.പിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ നയങ്ങൾ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പാർട്ടിയേക്കാൾ മികച്ചതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, അത് വ്യക്തമാക്കണം. അല്ലാത്തപക്ഷം, നിങ്ങൾ ഒരു കപടനാട്യക്കാരനാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂരിനെ വിമർശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കത്തക്കതായി ഒന്നും താൻ കണ്ടില്ലെന്നും ശശി തരൂർ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നേരിട്ട് പങ്കെടുത്തതിന്റെ അനുഭവം വിവരിച്ച് ശശി തരൂർ എക്സിൽ പങ്കുവച്ച കുറിപ്പാണ് വിവാദമായത്.
‘പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിൽ അഭിനന്ദിക്കേണ്ട ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മോദി ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നാണ് കരുതുന്നത്. നേരായ മാധ്യമപ്രവർത്തനത്തിന്റെ പ്രശ്നം എന്താണെന്ന് അദ്ദേഹം പറയേണ്ടതുണ്ട്. സത്യം കാണിക്കുകയും പറയുകയും ചെയ്യുന്നവരിൽ എന്തുകൊണ്ടാണ് അദ്ദേഹം സന്തുഷ്ടനാവാത്തതെന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അതൊരു നിസാര പ്രസംഗമായി തോന്നി. അവിടെ വെച്ചും പ്രധാനമന്ത്രി കോൺഗ്രസിനെ വിമർശിച്ചു,’ സുപ്രിയ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അകമഴിഞ്ഞ് പ്രശംസിക്കുന്നതായിരുന്നു തരൂരിന്റെ എക്സിലെ കുറിപ്പ്. ഇന്ത്യ വളർന്നുവരുന്നവിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ശശി തരൂർ കുറിച്ചു. മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികൾ അതിജീവിച്ചതിനാലും റഷ്യ-യുക്രൈൻ സംഘർഷത്തിനിടയിലും മുന്നോട്ട് പോകുന്നതിനാലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധ നേടി. താൻ എപ്പോഴും ഇലക്ഷൻ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി താൻ വാസ്തവത്തിൽ ഇമോഷണൽ മോഡിലായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു-തരൂരിന്റെ കുറിപ്പിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം കൊളോണിയൽ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നുവെന്ന് തരൂർ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിലുള്ള അന്തസ്സ് വീണ്ടെടുക്കാൻ പത്തുവർഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യർഥിച്ചു. സാമ്പത്തിക വീക്ഷണം പങ്കുവെക്കുന്നതും വികസനത്തിനുവേണ്ടി വ്യഗ്രതയുള്ളവരാകുവാൻ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സദസ്സിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ടെന്നും തരൂർ കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.