ഗാന്ധിനഗർ: വിവാദ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന ഭാരത ബന്ദിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. പ്രതിപക്ഷം കർഷകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രൂപാനി പറഞ്ഞു.
കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും രാജ്യത്തെ ജനങ്ങൾ ഉപേക്ഷിച്ചപ്പോൾ അവർ കർഷകരുടെ പേരിൽ പ്രക്ഷോഭം നടത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ നടന്ന പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു രൂപാനി.
'രാഹുൽ ഗാന്ധി, നിങ്ങൾക്ക് പുറത്തുപോകാൻ കഴിയുമെങ്കിൽ മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് എനിക്ക് ഉത്തരം നൽകുക. അല്ലെങ്കിൽ, നിങ്ങളുടെ അറിവിനെക്കുറിച്ച് എല്ലാവരും അറിയും' രൂപാനി പറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയുടെ ഭാഗമാണ് നിങ്ങൾ എതിർക്കുന്ന കാർഷിക നിയമ വ്യവസ്ഥകൾ എന്നും രൂപാനി കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.
വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ മോദി ആത്മാർത്ഥമായി ശ്രമിക്കുന്നു. കർഷകരുടെ പേരിൽ രാഷ്ട്രീയ മൈലേജ് എടുക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. കർഷകർക്കായി വെള്ളം, വൈദ്യുതി, വിത്ത്, കമ്പോസ്റ്റ്, എം.എസ്.പി തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് ഒന്നും ചെയ്തില്ല. അവർക്കായി ബി.ജെ.പി സർക്കാരാണ് എല്ലാം ചെയ്തതെന്നും രൂപാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.