ന്യൂഡൽഹി: പിൻവലിക്കുന്നതിന്റെ ഭാഗമായി 2,000 രൂപ നോട്ട് നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ചൊവ്വാഴ്ച മുതൽ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും ക്രമീകരണം. 50,000 രൂപക്കു മുകളിൽ നിക്ഷേപിക്കുന്നതിന് ആദായ നികുതി ചട്ടങ്ങൾ ബാധകം. പാൻ ഹാജരാക്കണം.
അതേസമയം, നോട്ട് നിക്ഷേപിക്കുന്നതും മാറ്റിയെടുക്കുന്നതും സംബന്ധിച്ച ഡേറ്റ സൂക്ഷിക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. നോട്ട് മാറ്റിയെടുക്കാൻ വരുന്നവർക്കായി കൗണ്ടറുകളിൽ സ്റ്റാഫ് അടക്കം മതിയായ അടിസ്ഥാന സൗകര്യം ബാങ്കുകളിൽ ഒരുക്കണം. കാത്തു നിൽപിനുള്ള ഇടം, കുടിവെള്ള സൗകര്യം, കൗണ്ടറിൽ മതിയായ സ്റ്റാഫ് തുടങ്ങിയവ ഉണ്ടാകണം. 2016ലെ നോട്ട് അസാധുവാക്കൽ ഉണ്ടാക്കിയ ദുരിതം മുൻനിർത്തിയാണ് നിർദേശം.
ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 30 വരെയാണ് നോട്ട് മാറ്റത്തിനും നിക്ഷേപത്തിനും റിസർവ് ബാങ്ക് അനുവദിച്ച സമയം. ഒറ്റത്തവണ 2,000 രൂപയുടെ 10 നോട്ടുകൾ വരെ ഏതു ബാങ്ക് ശാഖയിൽ കൊടുത്തും മാറ്റിയെടുക്കാം. നിക്ഷേപത്തിന് ഇത്തരത്തിൽ പരിധിയില്ല.
നോട്ട് മാറ്റിയെടുക്കാൻ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇഷ്ടംപോലെ സമയമുണ്ട്. 2,000 രൂപ നോട്ട് മാറ്റിക്കൊടുക്കാൻ വേണ്ടത്ര നോട്ടുകൾ എല്ലായിടത്തുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്പണം മാറ്റിയെടുക്കാനുള്ള അവസരമായി ഇതു മാറുമോ എന്ന ചോദ്യത്തിന്, പണം നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നായിരുന്നു റിസർവ് ബാങ്ക് ഗവർണറുടെ മറുപടി. പിൻവലിക്കുന്ന നോട്ടിന്റെ നിയമസാധുത തുടരും. എത്രത്തോളം നോട്ട് തിരിച്ചെത്തുന്നുവെന്ന് അറിയാൻ കാത്തിരിക്കും. സെപ്റ്റംബർ 30നുശേഷം എന്തു സംഭവിക്കുമെന്ന കാര്യത്തിൽ ഊഹാപോഹം നിറഞ്ഞ മറുപടി നൽകാനില്ല. ആ തീയതി അടുക്കുന്ന ഘട്ടത്തിൽ തീരുമാനമെടുക്കും.
2,000 രൂപ നോട്ടുകളെല്ലാം സെപ്റ്റംബർ 30നു മുമ്പ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. 1,000 രൂപ നോട്ടുകൾ വീണ്ടും ഇറക്കാൻ ഉദ്ദേശിക്കുന്നില്ല. 2,000 പിൻവലിക്കുന്നത് സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കുന്നത് നേരിയ ചലനം മാത്രമാണ്. കറൻസി നോട്ടുകളുടെ പത്തിലൊന്നു (10.8 ശതമാനം) മാത്രമാണ് പിൻവലിക്കുന്നതെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
തിരുവനന്തപുരം: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ട് ട്രഷറികളിൽ സ്വീകരിക്കും. എന്നാൽ, 2000 സ്വീകരിച്ച് പകരം (എക്സ്ചേഞ്ച്) നോട്ട് കൊടുക്കില്ല. ട്രഷറി വിതരണം ചെയ്യുന്ന പണത്തിലും 2000 ഉൾപ്പെടുത്തില്ല. ട്രഷറി ഡയറക്ടർ ഇതുസംബന്ധിച്ച് മുഴുവൻ ട്രഷറികൾക്കും നിർദേശം നൽകി. 2000 രൂപ നോട്ട് പിൻവലിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ട്രഷറികളിൽ 2000 രൂപ നോട്ടിന്റെ കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇത് ട്രഷറികളിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ധനവകുപ്പിന്റെ അനുമതിയോടെയാണ് ട്രഷറി ഡയറക്ടർ പുതിയ നിർദേശം നൽകിയത്.
ട്രഷറി പേ ഇൻ സ്ലിപ്പുകൾ/ചലാനുകൾ എന്നിവ വഴി പണം അടയ്ക്കുമ്പോൾ 2000 രൂപയുടെ നോട്ട് സ്വീകരിക്കും. ഒടുക്കുന്ന തുകയിൽ നൽകുന്ന നോട്ടുകളുടെ വിശദാംശം സ്ലിപ്പിന്റെയും ചലാന്റെയും മൂന്ന് പകർപ്പിലും മറുഭാഗത്ത് കൃത്യമായി രേഖപ്പെടുത്തി വാങ്ങണം. ഇങ്ങനെ സ്വീകരിക്കുന്ന 2000 രൂപ നോട്ടുകൾ ഏജൻസി ബാങ്കിൽ അടയ്ക്കും. ഏജൻസി ബാങ്കിൽ തുക തിരിച്ചടക്കുമ്പോൾ ചലാന്റെ പിൻവശത്തെ മൂന്ന് ഭാഗങ്ങളിലും ഡിനോമിനേഷൻ രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.