ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാറിന് തിബത്തൻ, തമിഴ് അഭയാർഥികളോട് വ്യത്യസ്തസമീപനം. ശ്രീലങ്കൻ തമിഴ്, തിബത്തൻ അഭയാർഥികളെ പീഡിതരായി പരിഗണിച്ച് സാമ്പത്തികം ഉൾപ്പെടെ മനുഷ്യത്വപരമായ എല്ലാ സഹായവും ചെയ്യുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ കൈവശമുള്ള കണക്കനുസരിച്ച് രാജ്യത്ത് 107 ക്യാമ്പുകളിൽ 34,524 കുടുംബങ്ങളിലായി 1,02,055 ശ്രീലങ്കൻ അഭയാർഥികളുണ്ട്; 45 ഇടങ്ങളിൽ 1.1 ലക്ഷം തിബത്തൻ അഭയാർഥികളും.
സർക്കാർരേഖപ്രകാരം 2014 മുതൽ 150 കോടിയോളം രൂപ ശ്രീലങ്കൻ അഭയാർഥികൾക്കും 18 കോടി തിബത്തൻ അഭയാർഥികൾക്കും നൽകുന്നു. ഇവരെ കൂടാതെ 1947, 1965, 1971 വർഷങ്ങളിൽ പാക് അധിനിവേശ കശ്മീരിൽ നിന്ന് ജമ്മു-കശ്മീരിലേക്ക് കുടിയേറിയ 36,000 കുടുംബങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം അനുവദിച്ചത് 2000 കോടി രൂപയാണ്. യു.പി.എ സർക്കാറിെൻറ കാലത്ത്, 2008-09ൽ ഇൗ അഭയാർഥികൾക്ക് സാമ്പത്തികസഹായമായി 49 കോടി രൂപ അനുവദിച്ചിരുന്നു.
ശ്രീലങ്കൻ ഭരണകൂടത്തിെൻറ പീഡനങ്ങളെ തുടർന്നാണ് 1983 മുതൽ ശ്രീങ്കൻ തമിഴ് അഭയാർഥികൾ വന്നുതുടങ്ങിയത്. 1983- 87കാലയളവിൽ 1.34 ലക്ഷം പേർ എത്തി. 1991 ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകശേഷം 54,000 പേരെ തിരിച്ചയച്ചു. 2012 മുതൽ 17 വരെയുള്ള കാലയളവിൽ ഇവർക്കുവേണ്ടി വൻ തുകയാണ് (2012-13ൽ 45 കോടി; 2013-14ൽ 63; 2014-15ൽ 59.96; 2015-16ൽ 48; 2016-17ൽ 45) ചെലവഴിച്ചത്. കൂടാതെ തമിഴ്നാട് സർക്കാർ അഭയാർഥി കുടുംബങ്ങളുടെ നാഥന് മാസവും 1000 രൂപയും പ്രായപൂർത്തിയായവർക്ക് 750 രൂപയും കുട്ടികൾക്ക് 400 രൂപയും അനുവദിക്കുന്നുണ്ട്. എല്ലാ കുടുംബത്തിനും മാസം തോറും 20 കിലോ അരിയും റേഷൻ കാർഡും അനുവദിച്ചിട്ടുമുണ്ട്. ഇൗ അഭയാർഥി കുടുംബങ്ങളിെല കുട്ടികൾക്ക് 12ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം (പാഠപുസ്തകം, സൈക്കിൾ, ഉച്ചയൂണ്, ബസ് പാസ് ഉൾപ്പെടെ) സൗജന്യമാണ്.
ചൈനയുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ദലൈലാമ ഇന്ത്യയിലേക്ക് കടന്നത് മുതൽ തിബത്തൻ അഭയാർഥികളെ സംരക്ഷിക്കുന്നുണ്ട്. 2015-16 ൽ ആഭ്യന്തരമന്ത്രാലയം എട്ട് കോടി രൂപയാണ് അഭയാർഥികളുടെ ഭരണ-ക്ഷേമപരമായ സൗകര്യങ്ങൾക്കായി സെൻട്രൽ തിബത്തൻ റിലീഫ് കമ്മിറ്റിക്ക് അനുവദിച്ചത്. 2016-17 ലും എട്ട് കോടി രൂപ അനുവദിച്ചു. കൂടാതെ ഡറാഡൂണിൽ ഇൗ കുടുംബങ്ങൾക്ക് വീടുകൾ പണിതുനൽകാനായി ഉത്തരാഖണ്ഡ് സർക്കാറിന് 2013-15 ൽ 19 ലക്ഷം രൂപയും നൽകി. തിബത്തൻ അഭയാർഥികളെ പാർപ്പിച്ച സംസ്ഥാനങ്ങളിൽ അവർക്ക് കൃഷിഭൂമി പാട്ടവ്യവസ്ഥയിൽ അതത് സംസ്ഥാനസർക്കാറുകൾ നൽകുന്നുമുണ്ട്. തിബത്തൻ പുനരധിവാസനയത്തിെൻറ അടിസ്ഥാനത്തിലാണിത്. ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കരകൗശലകേന്ദ്രങ്ങളും ഇവർക്കായി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാറുകളുടെയും കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും സഹായം ഇൗ അഭയാർഥികൾക്കുകൂടി ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.