‘കുറച്ചുകാലം എന്‍റെ ജീവിതം ഒരു നരകത്തിലായിരുന്നു’; ദുരനുഭവം തുറന്നുപറഞ്ഞ്​ ബോളിവുഡ്​ നടി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനുശേഷം ഏറെ ഉയര്‍ന്നുകേട്ട പേരാണ് കാമുകിയായ റിയാ ചക്രവര്‍ത്തിയുടേത്. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററില്‍ ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു.

എന്നാല്‍ സിനിമാക്കഥകളെ വെല്ലുന്ന, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റിലേക്കാണ് കാര്യങ്ങള്‍ പിന്നീട്​ എത്തിയത്. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കു വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങള്‍ നല്‍കിയത്. റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതി പരിഗണിച്ച് ബിഹാര്‍ പൊലീസ് റിയയ്‌ക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്​ അന്ന്​ കേസെടുത്തത്​.

തുടർന്ന്​ റിയയെ പൊലിസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്നാരോപിച്ചാണ് റിയയെ 28 ദിവസത്തോളം ബൈക്കുള ജയിലിൽ അടച്ചത്. പിന്നീട്​ റിയയെ ജാമ്യത്തിൽ പുറത്തുവിടുകയായിരുന്നു. ജയിൽ ജീവിതത്തെ കുറിച്ച് അടുത്തിടെ ഒരു പരിപാടിയ്ക്കിടയിൽ റിയ മനസ്സു തുറന്നു. ജീവിതത്തിലെ ഏറ്റവും നിരാശാജനകമായ സമയമായിരുന്നെങ്കിലും ജയിലിനുള്ളിൽ സന്തോഷമുള്ള ചിലരെ താൻ കണ്ടുമുട്ടിയെന്നുമാണ് റിയ പറയുന്നത്.

റിയയും കാമുകൻ സുശാന്ത്​ സിങ്​ രാജ്​പുതും

റിയയുടെ തുറന്നുപറച്ചിലുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തന്നെ സംബന്ധിച്ച് ജയിലിൽ കഴിഞ്ഞ സമയം നരകതുല്യമായിരുന്നെന്നാണ് താരം പറയുന്നത്. ‘ആ സമയം, ജീവിതം നരകതുല്യമായ അവസ്ഥയിലായിരുന്നു. സ്വർഗ്ഗമോ നരകമോ എന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. ഓരോ തവണയും സ്വർഗം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. യുദ്ധം മനസ്സിന്റെതാണ്, നിങ്ങളുടെ ഹൃദയത്തിൽ ശക്തിയും ആഗ്രഹവും ഉണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും മനസ്സിനോട് യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്യും’- റിയ പറഞ്ഞു.

കുറ്റക്കാരല്ലാത്തവരെ പാർപ്പിക്കുന്ന വിചാരണ തടവറയിലാണ് എന്നെ അടച്ചത്. കുറ്റാരോപിതരായ ‘നിരപരാധികളായ’ സ്ത്രീകളെ അവിടെ താൻ കണ്ടുമുട്ടിയെന്നും റിയ പറയുന്നു, “അവരെ കാണുകയും അവരുമായി ഇടപഴകുകയും ചെയ്തപ്പോൾ, ആ സ്ത്രീകളിൽ സവിശേഷമായ സ്നേഹവും സഹിഷ്ണുതയും എനിക്ക് കാണാനായി. ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തി. ഓരോ നിമിഷവും എങ്ങനെ ആസ്വദിക്കണമെന്ന് അവർക്കറിയാം, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സന്തോഷമുള്ള ആളുകളിൽ ചിലരാണ് അവർ’-റിയ കൂട്ടിച്ചേർത്തു.


സഹതടവുകാരുടെ നിർബന്ധത്തിനു വഴങ്ങി ജയിലിലെ അവസാന ദിവസം നൃത്തം അവതരിപ്പിച്ചിരുന്നു, “ഞാൻ ആ സ്ത്രീകൾക്ക് വേണ്ടി നൃത്തം ചെയ്യുമ്പോൾ അവരുടെ കണ്ണുകളിൽ ആവേശവും സന്തോഷവും നിറഞ്ഞിരുന്നു, ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരിക്കും അത്’- റിയ ദേശീയ മാധ്യമത്തോട്​ പറഞ്ഞു.

കര്‍ണാടകയിലെ ബംഗളൂരുവിലുള്ള ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യന്‍ സൈന്യത്തില്‍ ഓഫിസര്‍ ആയിരുന്നതിനാല്‍ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടില്‍ റണ്ണര്‍ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളില്‍ അവതാരകയായി. 2013-ല്‍ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. 2012-ല്‍ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു.

2014ല്‍ സൊനാലി കേബിള്‍ എന്ന ചിത്രത്തിലും 2018ല്‍ ജലേബി എന്ന ചിത്രത്തിലും വേഷമിട്ടു. യാഷ്‌രാജ് ഫിലിംസിന്റെ 'ബാങ്ക്‌ചോര്‍', 'ഹാഫ് ഗേള്‍ഫ്രണ്ട്്' എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. യാഷ്‌രാജ് ഫിലിംസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാള്‍ ഉയര്‍ന്നുകേട്ടിരുന്നത് സുശാന്തുമായുള്ള പ്രണയ വാര്‍ത്തകളായിരുന്നു.

Tags:    
News Summary - Rhea Chakraborty says she was in ‘worst hell’ after Sushant Singh Rajput’s death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.