രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഉടനുണ്ടായേക്കുമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്കുവഹിച്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. പാർട്ടിയിലെ മറ്റ് പ്രമുഖ നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർക്കക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കിൽ മറ്റ് പ്രധാന പദവികളോ നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിപദം പങ്കുവെച്ചുകൊണ്ടുള്ള ഫോർമുല തെലങ്കാനയിൽ വേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.

രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

തെലങ്കാനയിൽ 119ൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് ജയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖർ റാവുവിന്‍റെ ബി.ആർ.എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. മൂന്നാം തവണയും തെലങ്കാനയിൽ അധികാരത്തിലേറാമെന്ന ചന്ദ്രശേഖർ റാവുവിന്‍റെ സ്വപ്നങ്ങൾ തകർത്തത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോറ്റ കോൺഗ്രസിന് ആശ്വസിക്കാനായത് തെലങ്കാനയിലെ വിജയം മാത്രമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് പി.സി.സി അധ്യക്ഷനായിരുന്ന ഉത്തംകുമാര്‍ റെഡ്ഢി രാജിവെച്ചതിനെ തുടർന്ന് 2021ലാണ് തെലങ്കാനയിൽ പാർട്ടി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തുന്നത്. പഠനകാലത്ത് ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് സംഘ്പരിവാർ ആശയം വിട്ട് തെലു​ഗുദേശം പാർട്ടിയിലേക്ക് ചേക്കേറുകയായിരുന്നു. 2009, 2014 വർഷങ്ങളിൽ കൊടങ്കലിൽ നിന്നുള്ള ടി.ഡി.പി എം.എൽ.എയായി. 2017ലാണ് കോൺഗ്രസിലെത്തുന്നത്. 2019ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് പാർലമെന്‍റിലുമെത്തിയിരുന്നു. 

Tags:    
News Summary - Revanth Reddy set to become Telangana chief minister: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.