ജയ്പൂർ: രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മദൻ ദിലാവർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസരക്കെതിരെ നടത്തിയ അധിക്ഷേപ, സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. രാജസ്ഥാൻ കാർഷിക മന്ത്രി കിരോഡി ലാൽ മീണക്കെതിരായ അഴിമതി ആരോപണങ്ങളെ ന്യായീകരിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.
ദോത്താസരയുടെ ആരോപണങ്ങൾ ‘ഒരു വേശ്യ പതിവ്രതയെ കുറ്റപ്പെടുത്തുന്നതുപോലെയാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ദോത്താസര അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നും, കിരോഡി ലാൽ മീണ ‘സ്വർണം പോലെ ശുദ്ധനാണെന്നും’ മന്ത്രി അവകാശപ്പെട്ടു.
‘നോക്കൂ, ഒരു വേശ്യ പതിവ്രതയായ സ്ത്രീയെ കുറ്റപ്പെടുത്തുന്നത് പോലെയാണിത്. സ്വയം അഴിമതിയിൽ മുങ്ങിയിരിക്കുന്നവർ മറ്റുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. ദോത്താസര സത്യസന്ധതയില്ലാത്തവനും നാണമില്ലാത്തവനുമാണെന്ന് ഞാൻ ആവർത്തിക്കുന്നു. അതേസമയം കിരോഡി ലാൽ മീണ സ്വർണം പോലെ ശുദ്ധനാണ്’ -ഇതായിരുന്നു മദൻ ദിലാവറിന്റെ വാക്കുകൾ. കിരോഡി ലാൽ മീണക്കെതിരായ ആരോപണം സൂക്ഷ്മ പരിശോധനയിൽ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ ദോത്താസര വിലകുറഞ്ഞ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.
ബി.ജെ.പി സർക്കാറിനെതിരെ, പ്രത്യേകിച്ച് കാർഷിക വകുപ്പുമായി ബന്ധപ്പെട്ട് കിരോഡി ലാൽ മീണക്കെതിരെ ദോത്താസര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മദൻ ദിലാവറിന്റെ അധിക്ഷേപ പരാമർശം. കിരോഡി ലാൽ മീണയുമായി ബന്ധമുള്ള ഒരു വ്യക്തിയിൽനിന്ന് 2.43 കോടി രൂപ പിടിച്ചെടുത്തതിൽ അന്വേഷണം വേണമെന്നായിരുന്നു ദോത്താസരയുടെ ആവശ്യം. വിഷയത്തിൽ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മദൻ ദിലാവറിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയുടെ ഭാഷ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവ് സ്വർണിം ചതുർവേദി ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതും ജനാധിപത്യ സംവാദത്തിന്റെ നിലവാരം തകർക്കുന്നതുമാണെന്ന് പാർട്ടി വിമർശിച്ചു.
‘രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി പാർലമെന്ററി വിരുദ്ധവും ആക്ഷേപകരമായ പരാമർശങ്ങളും നിരുത്തരവാദമായ പ്രസ്താവനകൾക്കും മാത്രമാണ് അറിയപ്പെടുന്നത്. വളരെ നിലവാരം കുറഞ്ഞ ഭാഷയിലാണ് അദ്ദേഹത്തിന്റെ അധിക്ഷേപം. പ്രയോഗിക്കുന്ന വാക്കുകൾ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ല. ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ ഒരു സ്ത്രീ തന്റെ അരികിലിരിക്കുന്നു എന്ന കാര്യം അദ്ദേഹം മറന്നതായി തോന്നുന്നു’ -സ്വർണിം ചതുർവേദി പറഞ്ഞു.
വിവാദ പരാമർശങ്ങളെ തുടർന്ന് നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന വ്യക്തിയാണ് മദൻ ദിലാവർ. മുഗൾ ഭരണാധികാരി അക്ബറിനെതിരെയും ആദിവാസി വിഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനയെക്കുറിച്ചുമെല്ലാം മദൻ ദിലാവർ നടത്തിയ പരാമർശങ്ങൾ മുമ്പ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.