ഹൈദരാബാദ്: കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ പിന്നിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലുങ്കാനയിലൂടെ കടന്നുപോകുകയാണ്. വഴിയോരങ്ങളിലെല്ലാം നിരവധി പേരാണ് യാത്രക്ക് അഭിവാദ്യം അർപ്പിക്കാനായി കാത്തുനിൽക്കുന്നത്.
ഇതിനിടെ, ഞായറാഴ്ച രാവിലെ യാത്രക്കിടെ രാഹുൽ കുട്ടികൾക്കൊപ്പം ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രക്കിടെ ഏതാനും കുട്ടികൾ രാഹുലിന് അടുത്തേക്ക് വന്നു. അൽപ നേരം നേതാവിനൊപ്പം നടന്നുനീങ്ങിയ കുട്ടികൾ, ഞങ്ങൾക്കൊപ്പം ഓട്ട മത്സരത്തിനുണ്ടോയെന്ന് ചോദിച്ചു.
അതെ എന്ന് പറഞ്ഞ രാഹുൽ, അവർക്കൊപ്പം ഓടുന്നതാണ് വിഡിയോയിലുള്ളത്. എല്ലാവരെയും പിന്നിലാക്കി അതിവേഗത്തിൽ അൽപനേരം ഓടിയ രാഹുൽ, പിന്നാലെ വേഗത കുറച്ച് കുട്ടികൾക്കൊപ്പം ചേർന്നു. ഈസമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന നേതാക്കളും സുരക്ഷ ജീവനക്കാരും ഓട്ടത്തിന്‍റെ ഭാഗമായി.
തെലുങ്കാനയിലെ ഗൊല്ലപ്പള്ളിയിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ. യാത്ര കടന്നുപോകവെ, രാഹുലും ഏതാനും നേതാക്കളും വനിതകൾക്കൊപ്പം നൃത്തം ചെയ്യാനും മടികാണിച്ചില്ല. സ്ത്രീകൾക്കൊപ്പം കോലുകൊണ്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ദൃശ്യം. മുതിർന്ന നേതാക്കളായ ജയറാം രമേശ്, കെ.സി. വേണുഗോപാൽ എന്നിവരെല്ലാം നൃത്തത്തിനെ ഭാഗമായി.
കഴിഞ്ഞദിവസം ആദിവാസി സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. തെലുങ്കാനയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഉടൻ മഹാരാഷ്ട്രിയിലേക്ക് പ്രവേശിക്കും. എൻ.സി.പി തലവനും മുൻ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിന്‍റെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.