ന്യൂഡൽഹി: തീർത്തും അസാധാരണ നടപടിയിൽ, പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയക്ക് സിറ്റിംഗ്/ റിട്ടയേഡ് ജഡ്ജിമാരെ നിയമിച്ച് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, സംസ്ഥാന സർക്കാർ എന്നീ രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾക്കിടയിൽ ദൗർഭാഗ്യകരമായ രീതിയിൽ വിശ്വാസക്കുറവുണ്ടായ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു ഉത്തരവിടുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കമീഷനും മമതാ സർക്കാറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുന്നത് വിശ്വാസക്കുറവ് കൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
പിശകുകൾ മൂലം മാറ്റിനിർത്തപ്പെട്ടവരുടെ പരാതികളിലും അവകാശവാദങ്ങളിലും തട്ടി നിൽക്കുകയാണ് പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ എന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപിൻ പഞ്ചോലി എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിൽ കുറ്റപ്പെടുത്തി. ഇങ്ങനെ മാറ്റിനിർത്തപ്പെട്ടവരിൽ ഭൂരിഭാഗവും ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുമുണ്ട്. ഇവരുടെ അവകാശവാദങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിക്കണം.
അതിനാൽ എസ്.ഐ.ആർ പ്രകിയ പൂർത്തിയാക്കുന്നതിന് സംസ്ഥാനത്തെ സിറ്റിംഗ് ജഡ്ജിമാരും റിട്ടയേഡ് ജഡ്ജിമാരുമായ ജുഡീഷ്യൽ ഓഫീസർമാരുടെ സേവനം തേടുകയല്ലാതെ നിർവാഹമില്ല. തുടർന്ന്, രേഖകളുടെ ആധികാരികത പരിശോധിക്കാൻ പശ്ചിമ ബംഗാളിലെ അഡീഷനൽ ജില്ലാ ജഡ്ജിയുടെയും ജില്ലാ ജഡ്ജിയുടെയും റാങ്കിന് മുകളിലുള്ള സിറ്റിംഗ് ജഡ്ജിമാരെയും റിട്ടയേഡ് ജഡ്ജിമാരെയും നിയമിക്കാൻ കൽക്കട്ട ഹൈകോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഇവർക്കാവശ്യമായ സഹായം ചെയ്യണം.
എസ്.ഐ.ആർ പ്രക്രിയക്ക് ജഡ്ജിമാരെ നിയോഗിക്കുന്നത് മൂലം ബംഗാളിലെ കോടതികളിൽ കേസ് നടപടികളെ ബാധിക്കുന്നതിനാൽ ബദൽ സംവിധാനവും സുപ്രീംകോടതി നിർദേശിച്ചു. ഹെകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ സമിതിയും രജിസ്ട്രാർ ജനറലും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരും ചേർന്ന് ഇടക്കാല വിധികൾ ആവശ്യമായ കേസുകൾ മറ്റു കോടതികൾക്ക് കൈമാറണം.
ഇക്കാര്യത്തിൽ ഹൈകോടതിയുമായി സഹകരിക്കാനും എസ്.ഐ.ആർ പ്രക്രിയക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സുപ്രീംകോടതി തൃണമൂൽ സർക്കാറിനോട് ആവശ്യപ്പെട്ടു. എസ്.ഐ.ആർ പ്രക്രിയ പുർത്തിയാക്കാതിരുന്നാലുണ്ടാകുന്ന അവസ്ഥയും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. സബ്ഡിവിഷനൽ ഓഫീസർമാരായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട പോലെ ഗ്രൂപ്പ് എ ഓഫീസർമാരെ നൽകാനും സുപ്രീംകോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.