ഷില്ലോങ്: ഫുട്ബാൾ കളിക്കുന്നതിനിടെ ഷില്ലോങ് എം.പി റിക്കി ഷിങ്കൺ കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഷില്ലോങ്ങിനു സമീപം മാവ്‌ലൈ മാവിയോങ്ങിലെ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വോയിസ് ഓഫ് ദി പീപ്പ്ൾ പാർട്ടി (വി.പി.പി) എം.പിയാണ്. കുഴഞ്ഞുവീണ ഉടനെ ഷിങ്കണെ മാവിയോങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. ഈസമയം ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സക്കായി ജയാവിലെ ഡോ. എച്ച്. ഗോർഡൻ റോബർട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സക്കിടെയാണ് എം.പി മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണം.
ഷിങ്കണിന്‍റെ മരണത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അനുശോചിച്ചു. അർപ്പണബോധവും കാരുണ്യവുമുള്ള നേതാവായിരുന്നു ഷിങ്കോണെന്നും അദ്ദേഹത്തിന്‍റെ അകാല വിയോഗം ഞെട്ടിക്കുന്നതാണെന്നും സാങ്മ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ്, വി.പി.പി പ്രസിഡന്‍റ് അർഡന്‍റ് മില്ലർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷില്ലോങ്ങിൽ അട്ടിമറി ജയം നേടിയതിനു പിന്നാലെയാണ് ഷിങ്കൺ ശ്രദ്ധിക്കപ്പെടുന്നത്.
മൂന്നു തവണ എം.പിയായ കോൺഗ്രസിന്‍റെ വിൻസെന്‍റ് എച്ച്. പാലയെ 3.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിങ്കൺ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.