തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; ഒ. പനീർസെൽവം ഡി.എം.കെയിലേക്ക്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം. തമിഴ്നാട് നിയമസഭമന്ദിരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഒരുപാട് രാഷ്ട്രീയചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.നിയമസഭ സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഒ.പി.എസ് സ്റ്റാലിനെ കണ്ടത്. ഇരുനേതാക്കളും കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ, തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു സഖ്യത്തിന് കൂടിക്കാഴ്ച വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയനേതാക്കൾ ഏറെയാണ്.
സീറ്റ് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഒ.പി.എസ്-സ്റ്റാലിൻ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. മീറ്റിങ്ങിനെ കുറിച്ച് ഇരുനേതാക്കളും പ്രതികരിച്ചില്ലെങ്കിലും പോസിറ്റീവായ ചർച്ച ഇരുവർക്കുമിടയിൽ നടന്നുവെന്നാണ് ഇരുനേതാക്കളുമായി ബന്ധപ്പെട്ട് അടുത്തവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരണം കരുതലോടെ മതിയെന്ന എ.ഐ.എ.ഡി.എം.കെയിലെ ധാരണ.
തമിഴ്നാട്ടിലെ മുന്നണി രാഷ്ട്രീയം കഴിഞ്ഞദിവസം മറ്റൊരു നാടകീയനീക്കത്തിന് കൂടി സാക്ഷ്യംവഹിച്ചിരുന്നു. അന്തരിച്ച നടൻ വിജയ്കാന്ത് സ്ഥാപിച്ച ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) ഡി.എം.കെ സഖ്യത്തിൽ ചേർന്നു. വ്യാഴാഴ്ച രാവിലെ ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഡി.എം.ഡി.കെയുടെ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാണ്.
2005ൽ നടൻ വിജയ്കാന്ത് ഡി.എം.ഡി.കെ രൂപവത്കരിച്ചശേഷം ഇതാദ്യമായാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കുന്നത്. അവസാന നിമിഷം വരെയും ഡി.എം.ഡി.കെ, എൻ.ഡി.എ സഖ്യത്തിലേക്ക് പോകുമെന്ന അഭ്യൂഹമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.