ന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാമത്തെ ആണവ ശക്തി ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്.എസ്.ബി.എൻ) ഐ.എൻ.എസ് അരിധമൻ ഏപ്രിൽ-മെയ് മാസങ്ങളിൽ കമീഷൻ ചെയ്യുമെന്ന് റിപ്പോർട്ട്. സ്വകാര്യ മേഖല കമ്പനിയായ എൽ ആൻഡ് ടി ആണ് നിർമാണം. വിശാഖപട്ടണത്തെ രഹസ്യ ഷിപ്പ് ബിൽഡിംഗ് സെന്ററിലായി നിർമിച്ച അന്തർവാഹിനി മാസങ്ങളായി സമുദ്രപരീക്ഷണങ്ങളിലാണ്. ഐ.എൻഎസ് അരിഹന്ത്, ഐ.എൻ.എസ് അരിഘട്ട് എന്നിവയ്ക്ക് ശേഷം ഈ വിഭാഗത്തിൽ വരുന്ന മൂന്നാമത്തെ അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിധമൻ.
750 കിലോമീറ്റർ ദൂരപരിധിയുള്ള കെ15 മിസൈലുകളും, 3000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള കെ 4 മിസൈലുകളും ഇവിടെ സജ്ജീകരിക്കാൻ സാധിക്കും. മുൻഗാമികളേക്കാൾ കൂടുതൽ മിസൈലുകൾ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. പതുക്കെ സഞ്ചരിക്കാൻ കഴിയുന്നതും കൂടുതൽ ആഴത്തിൽ രഹസ്യമായി പ്രവർത്തിക്കാൻ കഴിയുന്നതുമായ തരത്തിലാണ് ഐ.എൻ.എസ് അരിധമൻ നിർമിച്ചിട്ടുളളത്. ആണവ റിയാക്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ദീർഘകാലത്തെക്ക് വെള്ളത്തിനടിയിൽ തുടരാനാകുമെന്നാണ് പ്രധാന പ്രത്യേകത. ഇത് ശത്രുക്കളുടെ കണ്ണിൽപ്പെടാതെ രഹസ്യമായി നീങ്ങാൻ സഹായിക്കുന്നു.
ഇന്ത്യയുടെ ആദ്യത്തെ എസ്.എസ്.ബി.എൻ ഐ.എൻ.എസ് അരിഹന്ത് 2016 ലാണ് കമീഷൻ ചെയ്തത്. 2024 ൽ ഐ.എൻ.എസ് അരിഘട്ടും കമീഷൻ ചെയ്തു. ഇതിന് പിന്നാലെ എസ്-4 എന്ന് പേരിട്ടിരിക്കുന്ന നാലാമത്തെ അന്തർവാഹിനിയും വരും വർഷങ്ങളിൽ സേനയുടെ ഭാഗമാകും. അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങൾക്ക് പുറമെ ഇത്തരത്തിൽ സങ്കീർണമായ ആണവ അന്തർവാഹിനികൾ നിർമ്മിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.