ന്യൂഡൽഹി: പുതിയ കോൺഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ റിമോട്ട് കൺട്രോളാവുമെന്ന വാദങ്ങൾ അസംബന്ധമാണെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് പേരും വിവേകവും കാഴ്ചപ്പാടും ഉള്ളവരാണ്. അവർ ആരുടെയെങ്കിലും റിമോട്ട് കൺട്രോളറാവുമെന്ന് കരുതുന്നില്ല. ഇത്തരം വാദങ്ങൾ ഇരുവരേയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ തുംകുറിൽ ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. നേരത്തെ ഇത്തരം വാദങ്ങൾക്കെതിരെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. താൻ റിമോട്ട് കൺട്രോളാണെന്ന് പലരും പറയുന്നുണ്ട്. അധ്യക്ഷനായാൽ താൻ സോണിയയുടെ നിർദേശങ്ങൾ മാത്രമായിരിക്കും പാലിക്കുകയെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ കൂട്ടായാണ് തീരുമാനങ്ങളെടുക്കുന്നത്. റിമോട്ട് കൺട്രോളെന്നത് ചിലരുടെ മാത്രം ആശയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സരിക്കുന്നത്. അധ്യക്ഷനാവുന്നയാൾ ഗാന്ധി കുടുംബത്തിന്റെ റിമോട്ട് കൺട്രോളാവുമെന്ന വാദം ബി.ജെ.പി ഉയർത്തിയിരുന്നു. ഇതിൽ ഖാർഗെക്ക് ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.