ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിൽ; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ബംഗളൂരു: രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചിത്രദുർഗയിലെ ഹിരിയൂറിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ബി.ജെ.പിയെ രാഹുൽ രൂക്ഷമായി വിമർശിച്ചു.

എല്ലാത്തിനും കമീഷൻ വാങ്ങുകയാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണം വർധിപ്പിക്കുന്നതിന് അടിയന്തരമായി നഗമോഹൻ ദാസ് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം. രണ്ടര വർഷമായി ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തില്ല. റിപ്പോർട്ടിന്മേൽ അവർ എന്തുകൊണ്ടാണ് തുടർനടപടി സ്വീകരിക്കാത്തത്. സമയം പാഴാക്കരുതെന്നും റിപ്പോർട്ടിലെ നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെയും രാഹുൽ കടന്നാക്രമിച്ചു. ദശലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെയും ബഹുഭൂരിപക്ഷം ആളുകൾ വിലക്കയറ്റത്തിന്റെ ഭാരത്തിലും പൊറുതിമുട്ടുന്ന അന്യായമായ ഇന്ത്യയെ രാജ്യത്തെ ജനങ്ങൾ ഉൾക്കൊള്ളില്ല. ബി.ജെ.പിയും ആർ.എസ്.എസും ഈ രാജ്യത്ത് പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനും ആക്രമത്തിനും രോഷത്തിനും എതിരെയാണ് തന്റെ പാർട്ടിയുടെ ഭാരത് ജോഡോ യാത്രയെന്നും രാഹുൽ പറഞ്ഞു.

യാത്രയെ പിന്തുണച്ച് തനിക്കൊപ്പം വന്നവരോട് രാഹുൽ നന്ദി പറഞ്ഞു. കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര 34ാം ദിവസത്തിലേക്ക് കടന്നു. 12 സംസ്ഥാനങ്ങളിലൂടെ 3,500 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് യാത്ര അവസാനിക്കുക.

Tags:    
News Summary - Rahul Gandhi's BIG attack on BJP, says 'its govt in Karnataka MOST CORRUPT in the country'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.