ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി പ്രചാരണത്തിന് എത്താത്തത് ഡി.എം.കെ സഖ്യത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം മൂന്നുതവണ തമിഴ്നാട്ടിലെത്തിയിരുന്നു. ഏപ്രിൽ 15ന് നാഗർകോവിലിലും 18ന് കോയമ്പത്തൂരിലും നടക്കുന്ന എൻ.ഡി.എ പ്രചാരണ സേമ്മളനത്തിൽ മോദി പങ്കെടുക്കാനിരിക്കുകയാണ്.
എന്നാൽ, ഇതേവരെ രാഹുൽഗാന്ധി തമിഴ്നാട്ടിൽ പ്രചാരണത്തിന് എത്തിയിട്ടില്ല. കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ചെൈന്നയിലും കോയമ്പത്തൂരിലൂം എത്തിയെങ്കിലും തമിഴ്നാട്ടിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയുടെ മെഗാ സമ്മേളനം ഏപ്രിൽ 15ന് സേലത്ത് നടക്കാനിരിക്കുകയാണ്. ഇതിനായി രാഹുൽഗാന്ധിയെ ക്ഷണിച്ചുവെങ്കിലും പങ്കെടുക്കുമെന്ന് ഇതേവരെ ഉറപ്പ് ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ നിലപാടിൽ ഡി.എം.കെ കേന്ദ്രങ്ങളിൽ കടുത്ത അസംതൃപ്തിയാണുള്ളത്.
അതേസമയം കോൺഗ്രസിന്റെ 27 സ്ഥാനാർഥികൾക്കുവേണ്ടിയും സ്റ്റാലിൻ അതത് മണ്ഡലങ്ങളിൽ ചെന്ന് വോട്ടഭ്യർഥിച്ചിരുന്നു. പി.ചിദംബരം, ഡി.കെ. ശിവകുമാർ എന്നീ കോൺഗ്രസ് നേതാക്കൾ മാത്രമാണ് തമിഴകത്ത് പ്രചാരണത്തിന് എത്തിയത്. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴക(ടി.വി.കെ)വുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിക്ക് താൽപര്യമുണ്ടായിരുന്നതായും എന്നാൽ ഈ നീക്കം ഡി.എം.കെ നേതാക്കൾ സോണിയ ഗാന്ധിയെ സ്വാധീനിച്ച് തടഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു. ഈയിടെ വിജയ് തന്റെ പ്രസംഗത്തിൽ ഒരു വിഭാഗം കോൺഗ്രസുകാർ ഇപ്പോഴും തങ്ങളോടൊപ്പമാണെന്ന് പ്രസ്താവിച്ചിരുന്നത് ചർച്ചയായിരുന്നു.
പുതുച്ചേരിയിൽ ഒരേ ദിവസം സ്റ്റാലിനും രാഹുൽ ഗാന്ധിയും പ്രചാരണത്തിന് എത്തിയിരുന്നുവെങ്കിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയോ ഒരേ വേദി പങ്കിടുകയോ ചെയ്തിരുന്നില്ല. രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തുമെന്ന് തന്നെയാണ് തമിഴ്നാട് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ഗിരിഷ് സോഡങ്കർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽഹാസൻ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.