ചണ്ഡീഗഡ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാജ്യസഭാ എം.പിയുമായ ഹർഭജൻ സിങിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. ഹർഭജൻ സിങ് അടക്കമുള്ള ഏഴ് ആം ആദ്മി പാർട്ടി (ആപ്) എം.പിമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയ സാഹചര്യത്തിലാണ് ഭഗവന്ത് മാൻ സർക്കാരിന്റെ നടപടി.
ജലന്ധറിലെ ഹർഭജന്റെ വസതിയിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും അനുവദിച്ചിരുന്ന സർക്കാർ വാഹനവും തിരിച്ചുവിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. പഞ്ചാബ് പൊലീസ് പിന്മാറിയതോടെ, ഹർഭജൻ സിങിന്റെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാർ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന് (സി.ആ.ര്‍പിഎഫ്) ഏറ്റെടുത്തെന്നം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യവും ഭീഷണികളും കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി. രാഘവ്ഛദ്ദയുടെ നേതൃത്വത്തിൽ കൂറുമാറിയ ആപ് രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഹർഭജൻ സിങ് ഔദ്യോഗികമായി ബി.ജെ.പി പ്രവേശം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഹർഭജൻ സിംഗ് പാർട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പഞ്ചാബിലെ വിവിധയിടങ്ങളിൽ എ.എ.പി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മതിലുകളിൽ 'ഗദ്ദാർ' (വഞ്ചകൻ) എന്ന് എഴുതിവെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഹർഭജനെ കൂടാതെ മറ്റ് ചില എംപിമാരുടെ വീടുകൾക്ക് മുന്നിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എ.എ.പിയുടെ രാജ്യസഭാ അംഗങ്ങളായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, സ്വാതി മലിവാൾ, വിക്രംജിത് സാഹ്നി എന്നിവർ കൂറുമാറ്റം പ്രഖ്യാപിച്ചത്. ഇത് ആപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.