ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്തൃ-ബാങ്കിങ് വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഏകദേശം ഒരു ടെറാബൈറ്റ് വരുന്ന ഉപഭോക്തൃ ബാങ്കിങ് വിവരങ്ങൾ ചോർന്ന് ഡാർക്ക് വെബിൽ പ്രചരിക്കുന്നുവെന്നാണ് വിവരം.
ഉപഭോക്താക്കളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വായ്പാ രേഖകൾ, നെറ്റ് ബാങ്കിങ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയ ഡാറ്റാസെറ്റാണ് പുറത്തുവിട്ടതെന്ന് സൈബർ സുരക്ഷാ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ വിവരങ്ങളുടെ ആധികാരികത ബാങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണത്തിൽ ബാങ്ക് ഓഫ് ബറോഡയോ ആർ.ബി.ഐയോ ഇതുവരെ പ്രതികരിക്കുകയും ചെയ്തിട്ടില്ല.
സൈബർ സുരക്ഷാ ഗവേഷകനും കാഷ്‌ലെസ് കൺസ്യൂമർ സ്ഥാപകനുമായ ശ്രീകാന്ത് ലക്ഷ്മണൻ എക്‌സിൽ ഡാർക്ക് വെബിൽ ചോർന്ന വിവരങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടു. കൂടാതെ സംഭവത്തെ സൈബർ ദുരന്തമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒരു ഹാക്കർ സംഘമാണ് ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ട് ഡാർക്ക് വെബിൽ വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തിഗത ബാങ്കിങ് ഉപഭോക്താക്കളുടെയും കോർപ്പറേറ്റ് അക്കൗണ്ടുകളുടെയും വിവരങ്ങൾ, വിവിധ ശാഖകളുമായി ബന്ധപ്പെട്ട രേഖകൾ, എ.ടി.എം വിവരങ്ങൾ, ഉപഭോക്തൃ സേവന രേഖകൾ എന്നിവയും ചോർന്ന ഡാറ്റയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അവകാശവാദം. ഡാർക്ക് വെബ് ട്രാക്കിങ് സൈറ്റാണ് ആദ്യം ഈ സംഭവം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിവരങ്ങൾ യഥാർഥത്തിൽ ഹാക്കർമാർ ചോർത്തിയിട്ടുണ്ടെങ്കിൽ, ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ സംഭവങ്ങളിലൊന്നായി ഇത് മാറും. ആധാർ നമ്പർ, അക്കൗണ്ട് വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെ തുടർന്ന് സൈബർ സുരക്ഷാ വിദഗ്ധർ ഉപഭോക്താക്കൾക്ക് ജാഗ്രത നിർദേശം നൽകി. ബാങ്കിന്റെ പേരിൽ വരുന്ന സംശയാസ്പദമായ ഫോൺവിളികൾ, എസ്.എം.എസ്, ഇ-മെയിലുകൾ, ലിങ്കുകൾ എന്നിവയിൽ പ്രതികരിക്കരുതെന്നും ഒ.ടി.പി, പാസ്‌വേഡ്, സി.വി.വി തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.