ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 20-ന് പാർലമെന്റിലേക്ക് സി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിനിടെ കൊണാട്ട് പ്ലേസ് മേഖലയിൽ വിന്യസിച്ചിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ (ആർ.എ.എഫ്) ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് ഏഴ് റൗണ്ടുകളെങ്കിലും വെടിയുതിർത്തതായി റിപ്പോർട്ട്. ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാരുടെ ശരീരത്തിലും രണ്ടെണ്ണം തറയിലുമാണ് പതിച്ചതെന്നും കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) അന്വേഷണത്തിൽ കണ്ടെത്തിയതായും സി.ആർ.പി.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാർക്ക് നേരെ ആർ.എ.എഫ് ഉദ്യോഗസ്ഥർ പെല്ലറ്റ് ഉപയോഗിച്ചത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വിഷയം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. പെല്ലറ്റ് ഉപയോഗിച്ചെന്ന വിമർശനം ശക്തമായതോടെയാണ് സി.ആർ.പി.എഫ് അന്വേഷണം ആരംഭിച്ചിരുന്നത്.
പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്കുകളിൽ നിന്നുള്ള പരിക്കുകളെ തുടർന്ന് കുറഞ്ഞത് മൂന്ന് പേരെങ്കിലും ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഗുഡ്ഗാവനിൽ ജോലി ചെയ്യുന്ന ഇർഷാദ് ഷെയ്ഖ് (25), ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സാഹിൽ ലോചാബ് (19), ഔട്ട്ലുക്ക് മാഗസിനിലെ 28 വയസ്സുള്ള ഒരു മാധ്യമപ്രവർത്തകൻ എന്നിവർക്കാണ് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
ആർ.എ.എഫ് ഉദ്യോഗസ്ഥരുടെ ലോഗ് എൻട്രികൾ പരിശോധിച്ചപ്പോഴാണ് കൊണാട്ട് പ്ലേസിൽ വെച്ച് ആർ.എ.എഫ് ഉദ്യോഗസ്ഥൻ ആകെ ഏഴ് റൗണ്ട് പെല്ലറ്റ് വെടിയുതിർത്തതായി വ്യക്തമായതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
വിദ്യാർഥികൾക്കു നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളെ കൊല്ലാൻ ആരാണ് ഉത്തരവിട്ടതെന്നും രാഹുൽ ചോദിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ കടുത്ത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച രാഹുൽ, പൊലീസ് നടപടിക്ക് ആരാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പെല്ലറ്റ് തോക്ക് കൊണ്ട് മുറിവേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള 19-കാരനായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിയെ രാഹുൽ സന്ദർശിക്കുകയും ചെയ്തിരുന്നു. സാഹിലിനൊപ്പം രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.