‘എനിക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായില്ല, മാപ്പ്’ ; നീറ്റ് പുനഃപ്പരീക്ഷ ഫലത്തിനു പിന്നാലെ 19കാരി ജീവനൊടുക്കി
അഹല്യനഗർ (മഹാരാഷ്ട്ര): നീറ്റ് മെഡിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് 19 കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗർ ജലാൽപൂർ സ്വദേശിനിയായ വിദ്യാർഥിനി അങ്കിത സങ് ലയെയാണ് പഠനമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥത്തുനിന്ന് ആത്മഹത്യാകുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിലും പിന്നീട് ജൂലൈ 21ന് നടന്ന പുനഃപരീക്ഷയിലും പങ്കെടുത്ത അങ്കിത 300ലധികം മാർക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പുനഃപരീക്ഷ ഫലം വന്നപ്പോൾ ലഭിച്ചത് 166 മാർക്ക് മാത്രമാണ്. യോഗ്യതാ കട്ട്-ഓഫ് മാർക്കായ 177ൽ എത്തിച്ചേരാൻ 11 മാർക്കിന്റെ കുറവുണ്ടായതറിഞ്ഞതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലാവുകയായിരുന്നു.
"നിങ്ങൾ എന്നെ ഒരുപാട് സ്നേഹിച്ചു, പക്ഷെ നിങ്ങളുടെ ഒരു ആഗ്രഹം പോലും നിറവേറ്റാൻ എനിക്കായില്ല. അമ്മേ, ഓരോ പ്രതിസന്ധിയിലും ഒരു കൂട്ടുകാരിയെപ്പോലെയാണ് നിങ്ങൾ എന്നെ ചേർത്തുവെച്ചത്... ജ്യേഷ്ഠാ, അമ്മയെയും അച്ഛനെയും നന്നായി നോക്കണം, അവർക്കൊരു കുറവും വരുത്തരുത്..." കരളലിയിക്കുന്ന വാക്കുകളായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. നീറ്റ് പരീക്ഷാഫലം വന്നപ്പോൾ പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നും താൻ കടുത്ത വിഷാദത്തിലാണെന്നും തന്റെ മരണത്തിൽ കുടുംബത്തിന് യാതൊരു പങ്കുമില്ലെന്നും കുറിപ്പിൽ പെൺകുട്ടി എഴുതിയിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും സഹോദരനും പണ്ഢർപൂർ ദർശനത്തിനായി പോയ സമയം അമ്മ മാത്രമായിരുന്ന വീട്ടിലുണ്ടായിരുന്നത്. ദീർഘനേരമായി മുറിയിൽനിന്ന് അനക്കമൊന്നുമില്ലാത്തതിനെ തുടർന്ന് നോക്കിയപ്പോൾ മകളെ തൂങ്ങിയ നിലയിൽ കണ്ടത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.