കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ പൊലീസ് തടയുന്നു
ന്യൂഡൽഹി: ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് നേതാക്കൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങളും പോസ്റ്റുകളും നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ്. ഇത്തരം പോസ്റ്റുകളും വിഡിയോകളും ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് പൊലീസ് നോട്ടീസ് നൽകുമെന്നാണ് സൂചന.
സി.ജെ.പി പ്രതിഷേധത്തോടനുബന്ധിച്ച് ഇന്റർനെറ്റിൽ പങ്കുവെക്കപ്പെട്ട ഉള്ളടക്കങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നിയമലംഘനമോ ക്രമസമാധാന നില തകരാൻ സാധ്യതയോ ഉള്ളതോ ആയ പോസ്റ്റുകൾ നിരീക്ഷിച്ചുവരികയാണെന്നും നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതിനായി ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് ടീം മുഴുവൻ സമയവും നിരീക്ഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തോടെ മാസങ്ങളായി തുടർന്നിരുന്ന സി.ജെ.പി പ്രതിഷേധം ജൂലൈ 25നാണ് അവസാനിച്ചത്. കടുത്ത സമ്മർദത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയായിരുന്നു. എന്നാൽ, രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളുടെ പിടിപ്പുകേടിനെതിരെയും അധികൃതരുടെ അനാസ്ഥക്കെതിരെയും വലിയ പ്രക്ഷോഭമാണ് നടന്നിരുന്നത്.
വിദ്യാർഥികളെ അടിച്ചമർത്താൻ ശ്രമിച്ചിരുന്ന പൊലീസ് നടപടിയെ തുടർന്ന് പ്രധാനമന്ത്രിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം കനത്ത വിമർശനം ഉടലെടുത്തിരുന്നു. എന്നാൽ, സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുക്കരുതെന്ന സി.ജെ.പിയുടെ ആവശ്യം കൂടി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയായിരുന്നു സമരം പിൻവലിച്ചത്. അതിനിടെ, അസാമടക്കം വിവിധ സംസ്ഥാനങ്ങളിൽ സി.ജെ.പി പ്രതിഷേധത്തന് പങ്കെടുക്കാൻ ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.