സിജെപി പ്രതിഷേധം

നീറ്റ് ഉടൻ നിരോധിക്കണം, ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അന്വേഷണം വേണം -ഡി.എം.കെ

ചെന്നൈ: നീറ്റ് പരീക്ഷ ഉടൻ നിരോധിക്കണമെന്നും ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡി.എം.കെ. ഇതുസംബന്ധിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ടി.ആർ. ബാലു എം.പി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഡി.എം.കെയുടെ അടിയന്തര പ്രമേയം. നീറ്റ് പരീക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അന്വേഷണം നടത്തണമെന്നും ഡി.എം.കെ വ്യക്തമാക്കി.

തമിഴ്നാട്ടിൽ നീറ്റിനെതിരെ ഡി.എം.കെ തുടക്കം മുതൽ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്തെ വിദ്യാർഥികളെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നുവെന്നും പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാൻ കഴിയുന്ന സാമ്പത്തികമായി മുന്നിലുള്ള വിദ്യാർഥികൾക്കാണ് പരീക്ഷ കൂടുതൽ അനുകൂലമാകുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നീറ്റ് പൂർണമായും റദ്ദാക്കുന്നതിലൂടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടും രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധവും പാർലമെന്റിലും പുറത്തും വലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് ഡി.എം.കെയുടെ പുതിയ ആവശ്യം.

ഗ്രാമീണ മേഖലയിലെയും സർക്കാർ സ്‌കൂളുകളിലെയും വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ നീറ്റ് നിരോധിക്കണമെന്ന ആവശ്യവുമായി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പരീക്ഷാ സമ്മർദ്ദവും പരാജയഭീതിയും മൂലം 25ലധികം വിദ്യാർത്ഥികൾ സംസ്ഥാനത്ത് ജീവനൊടുക്കിയതായാണ് കണക്ക്. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ വേണ്ടെന്ന ആവശ്യവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയും രംഗത്തെത്തിയിരുന്നു.

നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോക്രാച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ ഒരു മാസത്തിലധികമായി ജന്തർ മന്തറിൽ പ്രതിഷേധം തുടർന്നത്. തുടർന്ന്, വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതിന് പിന്നാലെ രാജ്യം മുഴുവൻ വ്യാപിപിക്കുകയായിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ധർമേ​ന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തു. തുടർന്ന് പ്രൾഹാദ് ജോഷിക്ക് ​വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകുകയും ചെയ്തു.

Tags:    
News Summary - DMK Demands NEET Ban and Jantar Mantar Violence Inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.