വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമ​ന്ത്രിയെ അപമാനിച്ചെന്ന് പരാതി; ബംഗാളി നടിക്കെതിരെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്രക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നീറ്റ് 2026 ചോദ്യപേപ്പർ ചോർച്ചക്കെതിരായി കൊൽക്കത്തയിൽ വെള്ളിയാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത് നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റർ പ്രദർശിപ്പിച്ചുവെന്നാണ് പരാതി.

ബി.ജെ.പി നേതാവ് കിയ ഘോഷ് ആനന്ദപുര്‍ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നടിക്കെതിരെ പരാതി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റർ പ്രദർശിപ്പിച്ചതിലൂടെ പൊതുസമാധാനം തകർക്കാനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ ശ്രീലേഖ മിത്ര തള്ളി കളഞ്ഞു. ‘അറസ്റ്റ് ചെയ്യണമെങ്കിൽ അറസ്റ്റ് ചെയ്യൂ, തൂക്കിലേറ്റണമെങ്കിൽ അതും ചെയ്യൂ’ - സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ ലക്ഷ്യമിടുകയാണെന്നും അവർ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെയും ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കണ​മെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച കൊൽക്കത്തയിലെ തെരുവുകളിൽ പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. കൂടാതെ നിരവധി പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 

Tags:    
News Summary - Case Filed Against Bengali Actor Over PM Modi Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.