മഹേന്ദ്ര ഭട്ട്
ഡെറാഡൂൺ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ എം.പിയുമായ മഹേന്ദ്ര ഭട്ട്. തന്റെ പ്രസ്താവനയിലെ ഏതെങ്കിലും വാക്കുകളോ പ്രയോഗരീതിയോ ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും ബി.ജെ.പി നേതാവ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മഹേന്ദ്ര ഭട്ട് നടത്തിയ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിദ്യാർഥികളെ അധിക്ഷേപിച്ച് ‘സാല’ എന്ന അധിക്ഷേപ വാക്കുകൾ ഉൾപ്പെടെയാണ് ബി.ജെ.പി നേതാവ് ഉപയോഗിച്ചത്. മഹേന്ദ്ര ഭട്ടിന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയ ആയിരക്കണക്കിന് വിദ്യാർഥികളെയും യുവാക്കളെയും ബി.ജെ.പി നേതാവ് അപമാനിച്ചുവെന്ന് കോൺഗ്രസും വിവിധ സംഘടനകളും ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ മഹേഷ് ഭട്ട് മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കുകയെന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്ന് മഹേന്ദ്ര ഭട്ട് വ്യക്തമാക്കി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയം വളച്ചൊടിക്കുകയാണെന്നും മഹേന്ദ്ര ഭട്ട് പിന്നീട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അതേസമയം, മാപ്പുപറച്ചിൽ മാത്രം മതിയാകില്ലെന്നും വിദ്യാർഥികളോട് നടത്തിയ പരാമർശം ഗൗരവമുള്ളതാണെന്നും കോൺഗ്രസ് പ്രതികരിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിലുള്ള അസ്വസ്ഥതയാണ് മഹേന്ദ്ര ഭട്ടിന്റെ പ്രസ്താവനയിൽ പ്രകടമായതെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആരോപിച്ചു. വിദ്യാർഥികളുടെയും യുവാക്കളുടെയും ആശങ്കകളെ അവഗണിക്കുന്ന ബി.ജെ.പിയുടെ സമീപനമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.