ലഖ്നോ: രാജ്യത്തെ പ്രശസ്തമായ പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിലെ മാള റേഞ്ചിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കടുവ ചികിത്സക്കിടെ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് വയസ്സുള്ള പെൺകടുവയാണ് ചത്തത്.
ശനിയാഴ്ച രാത്രിയാണ് കടുവ ചത്തതെന്നും ജഡം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐ.വി.ആർ.ഐ) പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതാണെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.
ശനിയാഴ്ച വൈകുന്നേരം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിങ്ങിനിടെയാണ് കടുവയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മരച്ചുവട്ടിൽ അബോധാവസ്ഥയിൽ കിടന്ന കടുവയുടെ ഒരു ചെവിയുടെ അകത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുറിവിൽ പുഴുക്കൾ വന്നത് ആരോഗ്യനില വഷളാകാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി.
അഞ്ചംഗ വെറ്ററിനറി സംഘത്തിന്‍റെ നേതൃത്വത്തിൽ കടുവയെ ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.