അപകടം പതിയിരിക്കുന്ന ‘ഡങ്കി’ റൂട്ടിലൂടെ ആറുമാസം, 11 ദിവസം യു.എസ് തടങ്കലിൽ’: ഒടുവിൽ അപമാനിതനായി നാടുകടത്തൽ

അമൃത്സർ: 36 കാരനായ ജസ്പാൽ സിങ് ഒരു അമേരിക്കൻ സ്വപ്നത്തെ പിന്തുടർന്ന് 2024 ഫെബ്രുവരിയിൽ പഞ്ചാബിലെ ഫത്തേഗഡ് ചുരിയാനിലുള്ള തന്റെ വീടു വിട്ടപ്പോൾ കരുതിയില്ല ആ സ്വപ്നത്തിനിത്ര വിലയൊടുക്കേണ്ടിവരുമെന്ന്.  തന്റെ പ്രായത്തിലുള്ള പല യുവാക്കളെയും പോലെ ജസ്പാൽ സിങ്ങും യു.എസിൽ സ്ഥിരതാമസമാക്കാനാഗ്രഹിച്ചു. എന്നാൽ, ഇപ്പോൾ യു.എസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമകൾ ഒരു സ്വപ്നമല്ല, മറിച്ച് ഒരു പേടിസ്വപ്നമാണ്.

തടങ്കലും നാടുകടത്തലും 30 ലക്ഷം രൂപയുടെ നഷ്ടവുമാണ് അ​ദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തന്റെ സമ്പാദ്യം, വിശ്വാസം, നല്ല ഭാവിയുടെ പ്രത്യാശ എല്ലാത്തിനും പകരമായി തടങ്കലും അപമാനകരമായ നാടുകടത്തലും നേരിടേണ്ടി വന്നു. 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരിൽ ഒരാളായി അമൃത്‌സറിലെ യു.എസ് സൈനിക വിമാനത്തിൽ ബുധനാഴ്ച സിങ് ഇറങ്ങി.

‘ശരിയായ വിസയോടെ നിയമപരമായി അമേരിക്കയിലേക്ക് അയക്കാൻ ഒരു ഏജന്റുമായി എനിക്ക് കരാർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ വഞ്ചിക്കപ്പെട്ടു. 30 ലക്ഷം രൂപക്കായിരുന്നു ഇടപാട്. എന്റെ പണമെല്ലാം നഷ്ടപ്പെട്ടു. നിയമപരമായി പോകുന്നുവെന്ന് വിശ്വസിപ്പിച്ച് പഞ്ചാബിൽ നിന്ന് യൂറോപ്പിലേക്കാണ് ഞാൻ ആദ്യം യാത്ര ചെയ്തത്. അവിടെ നിന്ന് ബ്രസീലിലേക്ക് പോയി. ഒടുവിൽ ‘ഡങ്കി’ റൂട്ടിലൂടെ പോകേണ്ടി വന്നു. അത് ആറ് മാസമെടുത്തുവെന്ന് ജസ്പാൽ സിങ് പറഞ്ഞു. യു.എസ്, യുകെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകൾ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയാണ് ഡങ്കി. പാനമയിലെയും മെക്‌സിക്കോയിലെയും വിവിധ ദുഷ്‍കര ഭൂപ്രദേശങ്ങളിലൂടെയിലൂടെയുള്ള റൂട്ട് ആണിത്.
ഏജന്റിന്റെ നമ്പർ ഫേസ്ബുക്ക് വഴിയാണ് ലഭിച്ചതെന്നും സിങ് പറയുന്നു. ജനുവരി 24 ന് മെക്‌സിക്കോയുമായുള്ള അതിർത്തി കടക്കുന്നതിനിടെ യു.എസ് ബോർഡർ പട്രോൾ പിടികൂടി. തുടർന്നുള്ള 11 ദിവസങ്ങൾ തടങ്കലിൽ ചെലവഴിച്ചതാണ് ജസ്പാലിന്റെ യു.എസ് മണ്ണിലെ അനുഭവം. ‘എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് അറിയില്ലായിരുന്നു. വിമാനത്തിൽ കയറ്റിയപ്പോൾ അവർ എന്നെ മറ്റൊരു തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞാൻ കരുതി. പിന്നീട്, ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു’ -അദ്ദേഹം പറഞ്ഞു.

കൈ കാൽ വിലങ്ങുകൾ ഉപയോഗിച്ച് കർശനമായ സംവിധാന​ത്തോടെ ആയിരുന്നു നാടുകടത്തൽ. അമൃത്സറിൽ വിമാനം ഇറങ്ങിയപ്പോഴാണ് തങ്ങളെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലങ്ങൾ ലാൻഡിങ്ങിനു ശേഷമാണ് നീക്കം ചെയ്തതത്.

ഒരുപാട് പണം ചെലവഴിച്ചു. അതിൽ ചിലത് എന്റെ സമ്പാദ്യത്തിൽ നിന്നും ചിലത് സുഹൃത്തുക്കളിൽ നിന്നുമുള്ളതാണ്. ചിലത് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ കൈകാര്യം ചെയ്തു. ഇപ്പോൾ, ഞാൻ എന്റെ വിധിയെ പഴിക്കുന്നു -ജസ്പാൽ സിങ്  മങ്ങിയ പുഞ്ചിരിയോടെ പറയുന്നു.

കഴിഞ്ഞ ജനുവരി 2നാണ് 30 കാരിയായ ലവ്പ്രീത് കൗറും 10 വയസ്സുള്ള മകനും പഞ്ചാബിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്ര ആരംഭിച്ചത്. നല്ല ഭാവിയുടെ പ്രതീക്ഷകളായിരുന്നു നിറയെ. ബുധനാഴ്ച അമൃത്സറിൽ വന്നിറങ്ങിയ 104 നാടുകടത്തപ്പെട്ടവരിൽ അവരും മകനും ഉൾപ്പെട്ടതിനാൽ ആ പ്രതീക്ഷകളെല്ലാം തകർന്നു. കാര്യങ്ങൾ എളുപ്പമാക്കാൻ യു.എസിലേക്കുള്ള നേരിട്ടുള്ള റൂട്ട് വാഗ്ദാനം ചെയ്തതിന് ഒരു ഏജന്റിന് ഒരു കോടി രൂപ നൽകിയതായി അവർ പറഞ്ഞു.

‘ഞങ്ങളെ നേരിട്ട് യു.എസിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഏജന്റ് പറഞ്ഞത്. പക്ഷേ, ഞങ്ങൾ സഹിച്ചത് കരുതിയതിനേക്കാളും വളരെ കൂടുതലായിരുന്നു’ -കവിളിലൂടെ കണ്ണുനീർ ഒഴുക്കിക്കൊണ്ട് ലവ്പ്രീത് പറഞ്ഞു.

താനും മറ്റു ചിലരും നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് ‘ഡങ്കി’ റൂട്ട് ഏറ്റെടുക്കാൻ നിർബന്ധിതരായതെങ്ങനെയെന്ന് അവർ വിവരിച്ചു. ‘ഞങ്ങളെ കൊളംബിയയിലെ മെഡെലിനിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ചയോളം അവിടെ നിർത്തിയശേഷം ഒരു വിമാനത്തിൽ സാൻ സാൽവഡോറിലേക്ക് മാറ്റി. അവിടെ നിന്ന് ഞങ്ങൾ ഗ്വാട്ടിമാലയിലേക്ക് മൂന്ന് മണിക്കൂറിലധികം നടന്ന് മെക്സിക്കൻ അതിർത്തിയിലേക്ക് ടാക്സിയിൽ യാത്ര ചെയ്തു. രണ്ട് ദിവസം മെക്സിക്കോയിൽ താമസിച്ച ശേഷം ജനുവരി 27 ന് യു.എസിലേക്ക് പോയി’ -അവർ പറഞ്ഞു.

അതിർത്തി കടന്ന ലവ്പ്രീതിനെയും മറ്റുള്ളവരെയും യു.എസ് അധികൃതർ തടഞ്ഞുവച്ചു.  ഞങ്ങളുടെ സിം കാർഡുകളും കമ്മലുകൾ, വളകൾ തുടങ്ങിയ ചെറിയ ആഭരണങ്ങളും പോലും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്റെ ലഗേജ് ഇതിനകം നഷ്ടപ്പെട്ടിരുന്നു. അതിനാൽ അവരുടെ പക്കൽ സമർപിക്കാൻ എനിക്ക് ഒന്നുമില്ലായിരുന്നു. ഞങ്ങളെ അഞ്ചു ദിവസം ക്യാമ്പിൽ പാർപ്പിച്ചു. ഫെബ്രുവരി 2ന് അര മുതൽ കാലുകൾ വരെ ചങ്ങലയിട്ട് കൈകൾ ബന്ധിച്ചു. കുട്ടികളെ മാത്രം ഒഴിവാക്കി -അവൾ അനുസ്മരിച്ചു.

ഈ സമയത്ത് നാടുകടത്ത​പ്പെടുന്നവരെ അവരുടെ ലക്ഷ്യസ്ഥാനം അറിയിച്ചിരുന്നില്ല. സൈനിക വിമാനത്തിലെ 40 മണിക്കൂർ യാത്രക്കിടെ ആശയവിനിമയത്തിന്റെ അഭാവം ലവ്പ്രീതിനെ അസ്വസ്ഥയാക്കി. ‘ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആരും ഞങ്ങളോട് പറഞ്ഞില്ല. ഒടുവിൽ ഇന്ത്യയിൽ എത്തിയപ്പോൾ അത് ഒരു ഞെട്ടലായിരുന്നു. അമൃത്‌സർ എയർപോർട്ടിൽ വെച്ച് ഞങ്ങൾ ഇന്ത്യയിലെത്തിയതായി അറിയിച്ചപ്പോൾ ഞങ്ങളുടെ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നത് പോലെ തോന്നി’- അവർ പറഞ്ഞു.

മകന്റെ നല്ല ഭാവിക്കായാണ് യു.എസിലേക്ക് മാറാൻ ആഗ്രഹിച്ചത്. ഏജന്റിന് പണം നൽകാൻ എന്റെ കുടുംബം വലിയൊരു ലോൺ എടുത്തു. ഇപ്പോൾ, എല്ലാം നശിച്ചു. താമസിയാതെ കാലിഫോർണിയയിലെ ഞങ്ങളുടെ ബന്ധുക്കൾക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോൾ എനിക്ക് വേദനയല്ലാതെ മറ്റൊന്നുമില്ല.’

തന്നെയും മറ്റ് പലരെയും കബളിപ്പിച്ച ട്രാവൽ ഏജന്റുമാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഞങ്ങൾക്ക് പുതിയ ജീവിതം വാഗ്ദാനം ചെയ്ത് വഞ്ചിച്ച ഈ കുറ്റവാളികളിൽ നിന്ന് സർക്കാർ ഞങ്ങളുടെ പണം തിരികെ വാങ്ങേണ്ടതുണ്ട്. എന്റെ മകന് ഏറ്റവും നല്ലത് ഞാൻ ആഗ്രഹിച്ചു. എന്നാൽ, ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല’ -അനിശ്ചിതത്തിന്റെ ഭാവിയെ നോക്കി അവർ പറഞ്ഞു.

Tags:    
News Summary - Punjab man who took 'dunki route' for six months deported to India, 11 days after entering US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.