ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കാനിരിക്കെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ പ്രവർത്തകനായ പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്.
ആഗസ്റ്റ് 27നാണ് നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) പേരിൽ ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ശിവാജി പാർക്ക് മുതൽ പഞ്ചാബി ബാഗ് വരെയുള്ള അഞ്ച് മെട്രോ സ്റ്റേഷനുകളിലാണ് സംഭവം.
'ഡൽഹി ഖലിസ്ഥാനാക്കും, ഖലിസ്താൻ സിന്ദാബാദ്, മോദിയുടെ ഇന്ത്യയിൽ സിഖുകാർ കൂലക്കൊല ചെയ്യപ്പെടുന്നു' എന്നീ മുദ്രാവാക്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് സംബന്ധിച്ച ഖലിസ്താൻവാദികളുടെ പങ്ക് ഡൽഹി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഡൽഹി പൊലീസുമായി സഹകരിക്കുമെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കി. 153 എ, 505, അപകീർത്തി നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മെട്രോ ഡി.സി.പി റാം ഗോപാൽ നായിക് അറിയിച്ചു.
സെപ്റ്റംബർ 9, 10 തീയതികളിലാണ് ഡൽഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.