സുപ്രീം കോടതി
ന്യൂഡൽഹി: 2018ൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന അഴിമതി നിരോധന നിയമത്തിന്റെ ‘17-എ’ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജിയിൽ സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചു.
നിയമ ഭേദഗതിയിലൂടെ പൊതുസേവകർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ നടപടിക്ക് സർക്കാറിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് നാഗരത്ന വിധിച്ചപ്പോൾ അതിനോട് വിയോജിച്ച ജസ്റ്റിസ് കെ.വി. വിശ്വനാഥൻ സർക്കാറിന് പകരം ലോക്പാലോ ലോകായുക്തയോ മുൻകൂർ അനുമതി നൽകണമെന്ന നിർദേശം മുന്നോട്ടുവെച്ചു. വിധിയിൽ ഭിന്നിച്ചതിനെ തുടർന്ന് വിഷയം ഉചിതമായ മറ്റൊരു ബെഞ്ചിലേക്ക് വിടാൻ ചീഫ് ജസ്റ്റിസിനോട് ഇരുവരും അഭ്യർഥിച്ചു.
അഴിമതിക്കാരെ സംരക്ഷിക്കാൻ കൊണ്ടുവന്നതാണ് ‘17-എ’ -ജസ്റ്റിസ് നാഗരത്ന
മോദി സർക്കാർ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘17-എ’ വകുപ്പ് അഴിമതിക്കാരായ പൊതുസേവകരെ സംരക്ഷിക്കാനാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന തന്റെ വിധിയിൽ പ്രസ്താവിച്ചു. അഴിമതി നിരോധന നിയമത്തിന്റെ ലക്ഷ്യത്തിനെതിരായ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കേണ്ടത് അനിവാര്യമാണ്. വിനീത് നാരായണന്റെയും സുബ്രഹ്മണ്യൻ സ്വാമിയുടെയും കേസുകളിലെ വിധികളിലൂടെ നേരത്തെ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ളതായിരുന്നു പുതിയ വകുപ്പ്. സത്യസന്ധരെയും വിശ്വസ്തരെയും സംരക്ഷിക്കുന്നതിനുപകരം അഴിമതിക്കാരെ സംരക്ഷിക്കാൻ മുൻകൂട്ടി അന്വേഷണത്തിന് അന്ത്യം കുറിക്കുകയാണ് ചെയ്യുന്നത്. സത്യസന്ധർക്കും വിശ്വസ്തർക്കും അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ല. നിയമഭേദഗതി ചോദ്യം ചെയ്ത് ഹരജി സമർപ്പിച്ച അഡ്വ. പ്രശാന്ത് ഭൂഷൺ സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ വകുപ്പാണ് പുനഃസ്ഥാപിച്ചിരിക്കുന്നതെന്ന് വാദിച്ചത് ജസ്റ്റിസ് നാഗരത്ന അംഗീകരിച്ചു.
ദുരുപയോഗം ചെയ്യുമെന്ന് കരുതി റദ്ദാക്കേണ്ട -ജ. വിശ്വനാഥൻ
പൊതുപ്രവർത്തകർക്കെതിരെ അഴിമതി നിരോധന നിയമം പ്രയോഗിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്നത് ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ തന്റെ വിധിപ്രസ്താവനയിൽ വ്യക്തമാക്കി. ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കരുതി ആ വകുപ്പ് തന്നെ റദ്ദാക്കാനാവില്ല. അങ്ങനെ ചെയ്താൽ ലോക്പാൽ വഴിയുള്ള കേസുകളിൽ നടക്കുന്ന സ്ക്രീനിങ് പൊലീസ് കേസുകളിൽ നടക്കാതെ പോകും. അതിനാൽ മുൻകൂർ അനുമതി വേണം. അത് സർക്കാറിന് പകരം ഒരു സ്വതന്ത്ര ഏജൻസി നൽകട്ടെ എന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ലോക്പാൽ അല്ലെങ്കിൽ ലോകായുക്ത അന്വേഷണത്തിന് അനുമതി നൽകണമെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് വിശ്വനാഥൻ വ്യക്തമാക്കി. ആ വകുപ്പ് റദ്ദാക്കുന്നതിലൂടെ അത്തരമൊരു നടപടിയെ തന്നെ വേണ്ടെന്നു വെക്കുകയാണ്. സത്യസന്ധരും വിശ്വസ്തരുമായ പൊതുസേവകരെ ദുരുപദിഷ്ടമായ അന്വേഷണങ്ങളിൽ നിന്ന് സംരക്ഷിച്ചില്ലെങ്കിൽ വിപരീത ഫലമുളവാക്കും. പൊതുസ്ഥാനങ്ങളിലിരിക്കുന്നവർ അന്വേഷണത്തിന് വിധേയരാകണമെന്ന കാര്യത്തിലും സത്യസന്ധരായ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസുകൾക്ക് വിധേയരാകരുതെന്ന കാര്യത്തിലും ഒരു സന്തുലനം വേണമെന്നും ജസ്റ്റിസ് വിശ്വനാഥൻ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.