യു.പിക്കെതിരെ ഇനിയെന്തിന് 'അന്താരാഷ്ട്ര ഗൂഢാലോചന'; പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സംഗത്തിന്‍റെ പശ്ചാത്തലത്തിൽ യു.പി സർക്കാറിനെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്രതലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും യു.പി പൊലീസിന്‍റെയും അവകാശവാദത്തെ പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഡൽഹി പൊലീസ് കെട്ടിച്ചമച്ച കഥ പോലെയാണ് യു.പി പൊലീസിന്‍റെ അന്താരാഷ്ട്ര ഗൂഢാലോചന വാദമെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

19കാരിയെ ബലാത്സംഗം ചെയ്ത് കൊല്ലുക, കുടുംബാംഗങ്ങളുടെ പോലും സമ്മതമില്ലാതെ പാതിരാത്രിയിൽ പൊലീസ് മൃതദേഹം സംസ്കരിക്കുക, ഗ്രാമമാകെ അടച്ചുപൂട്ടുക, ഇരയുടെ കുടുംബത്തെ വീട്ടുതടങ്കലിലാക്കുക, അവരുടെ ഫോൺ ചോർത്തുക, മാധ്യമങ്ങളെയും പ്രതിപക്ഷ നേതാക്കളെയും കുടുംബാംഗങ്ങളെ കാണുന്നതിൽ നിന്ന് തട‍യുക, കുറ്റാരോപിതരായ താക്കൂർ വിഭാഗക്കാർക്ക് കുടുംബത്തെ കാണാൻ സമ്മതം നൽകുക എന്നിവയാണ് അന്താരാഷ്ട്ര ഗൂഢാലോചന -ഭൂഷൺ ട്വീറ്റ് ചെയ്തു.


അന്താരാഷ്ട്ര ഗൂഢാലോചന വാദത്തെ രൂക്ഷമായി പരിഹസിക്കുന്ന കാർട്ടൂണും അദ്ദേഹം പങ്കുവെച്ചു.

സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും പാടെ തകർന്ന, ഉയർന്ന കുറ്റകൃത്യ നിരക്കും സംഘർഷങ്ങളുമുള്ള യു.പിയെ നോക്കി 'ഇനി ഇവർക്കെതിരെ എന്ത് ഗൂഢാലോചന നടത്താൻ' എന്ന് അന്താരാഷ്ട്ര ഗൂഢാലോചന സംഘം പറയുന്നതാണ് കാർട്ടൂൺ. 



ഹാഥറസ് കൂട്ടബലാത്സംഗത്തിന്‍റെ പശ്ചാത്തലത്തിൽ യു.പി സർക്കാറിനെതിരെ അന്താരാഷ്ട്രതലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതി-വർഗീയ കലാപങ്ങൾക്ക് അടിത്തറ പാകാൻ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും യോഗി ആരോപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.