ചെന്നൈ: പശുക്കൾക്ക് തീറ്റനൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്ക് പരിഹാസവുമായി നടൻ പ്രകാശ് രാജ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ... എന്തൊരു വിരോധാഭാസം’ -എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
മകര സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് തീറ്റ നൽകുന്നു എന്ന തലക്കെട്ടിൽ എ.എൻ.ഐ എക്സിൽ പങ്കിട്ട വീഡിയോക്കാണ് പ്രകാശ് രാജിന്‍റെ കമന്‍റ്. വസതിയിലെ വിശാലമായ പുൽത്തകിടിയിൽ ഏതാനും പശുക്കൾക്ക് പ്രധാനമന്ത്രി പാത്രത്തിൽ തീറ്റ നൽകുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്.
A man from the land of biggest Beef exporters in the world… what an IRONY #justasking https://t.co/OKT6GV1cUw
— Prakash Raj (@prakashraaj) January 15, 2024
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കോവിക്കോട്ടെത്തിയിരുന്നു. മോദി വിമർശകനായ കാരണം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മൂന്ന് രാഷ്ട്രീയ പാർട്ടികൾ തന്‍റെ പിന്നാലെയുണ്ടെന്ന് ഒരു സെഷനിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നു. മൂന്ന് രാഷ്ട്രീയ പാർട്ടികൾ എന്റെ പിന്നിലുണ്ട്. ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കാരണം എനിക്ക് ആ കെണിയിൽ വീഴാൻ താൽപ്പര്യമില്ല. അവർ ജനങ്ങൾക്ക് വേണ്ടിയല്ല വരുന്നത്, എന്റെ പ്രത്യയശാസ്ത്രത്തിനും വേണ്ടിയല്ല. മോദി വിമർശകനായതിനാൽ ഞാൻ നല്ലൊരു സ്ഥാനാർത്ഥിയാണെന്നാണ് അവർ പറയുന്നത് -ഇതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളിലൊന്നും സത്യം അവശേഷിക്കുന്നില്ല. അതുകൊണ്ടാണ് അവരിൽ പലരും സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാടുപെടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.