ന്യൂഡൽഹി: അറസ്റ്റിലായ ലഡാക്ക് സമര നായകനും പ്രമുഖ വിദ്യാഭ്യാസ - പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. നിങ്ങൾക്ക് വാങ്ചുകിനെ അറസ്റ്റ് ചെയ്യാം, പക്ഷേ അദ്ദേഹത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
‘‘പക്ഷിയെ കൂട്ടിലടയ്ക്കാം, പക്ഷേ അതിന്റെ പാട്ടിനെ തടവിലിടാനാവില്ല...’’. നിങ്ങൾക്ക് വാങ്ചുകിനെ അറസ്റ്റ് ചെയ്യാം. പക്ഷേ അദ്ദേഹം നിലകൊള്ളുന്ന സത്യത്തെ നിങ്ങൾക്ക് നിശബ്ദമാക്കാൻ കഴിയില്ല. ഈ മനുഷ്യനെ എനിക്കറിയാം. എന്തിനാണ് അദ്ദേഹം പോരാടുന്നത് എന്നും അറിയാം -പ്രകാശ് രാജ് എക്സിൽ കുറിച്ചു. വാങ്ചുകിനെ നേരത്തെ സമരസ്ഥലത്ത് സന്ദർശിച്ച ചിത്രങ്ങളും പ്രകാശ് രാജ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
"You can cage a bird, but not it's song."
— Prakash Raj (@prakashraaj) September 26, 2025
You can arrest @Wangchuk66 but you can't silence the truth he stands for. I know this man. I know what he stands for. #LadakhProtests #LadakhStatehood #SonamWangchuk #justasking pic.twitter.com/5PdKdpBlW9
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നയിച്ച വാങ്ചുകിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക് അടക്കം അംഗമായ ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി അഞ്ചുവർഷമായി സമരരംഗത്തുണ്ട്. സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ചിരുന്നു. നാലുപേരുടെ മരണത്തിനും 80 പേരുടെ പരിക്കിനും ഇടയാക്കിയ സംഘർഷത്തെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചിരുന്നു. എന്നാൽ, സംഘർഷത്തിനുപിന്നിൽ സോനം വാങ്ചുകിന്റെ പ്രകോപനപരമായ പ്രസ്താവനകളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. പിന്നാലെ അറസ്റ്റുമുണ്ടായി. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. ജോധ്പൂർ സെൻട്രൽ ജയിലിലാണിപ്പോൾ വാങ്ചുക് ഉള്ളത്.
വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ, വാങ്ചുകിന് പാകിസ്താൻ ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുകയാണിപ്പോൾ. വാങ്ചുകുമായി ആശയവിനിമയം നടത്തിയ പാകിസ്താന്‍ ഇന്റലിജൻസ് ഓഫീസറെ നേരത്തെ അറസ്റ്റ് ചെയ്തെന്നാണ് ലഡാക്ക് ഡി.ജി.പി ഡോ. എസ്.ഡി. സിങ് ജംവാൾ അറിയിച്ചത്. അതിർത്തിയിലെ സന്ദർശനങ്ങൾ, വിദേശ ഫണ്ടിങ്, പാകിസ്താൻ സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും ഡി.ജി.പി പറഞ്ഞു. പാകിസ്താൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണമുണ്ടാകും. കസ്റ്റഡിയിലുള്ള ഇന്ത്യൻ വംശജനായ പാക് പൗരനുമായുള്ള ബന്ധവും ആശയ വിനിമയവും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.