ബംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്ത് കർണാടക പ്രത്യേക അന്വേഷണ സംഘം. എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മൂന്നോളം കേസുകളിൽ നിലവിൽ പ്രജ്വൽ രേവണ്ണയെ കർണാടക പ്രത്യേക അന്വേഷണസംഘം പ്രതിയാക്കിയിട്ടുണ്ട്.
നാലാമത് രജിസ്റ്റർ ചെയ്ത കേസിൽ ഹാസനിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ പ്രീതം ഗൗഡയും പ്രതിയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചതിനാണ് പ്രീതം ഗൗഡക്കെതിരെ കേസെടുത്തത്. ഇയാളെ കൂടാതെ കിരൺ, ശരത് എന്നീ പേരുകളിലുള്ള രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിന് പരാതി നൽകിയത്. തുടർന്ന് പരാതിയിൽ കേസെടുക്കുകയായിരുന്നു. നേരത്തെ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കേസെടുത്തിരുന്നു.
ഫാം ഹൗസിൽ വെച്ച് സൂരജ് ലൈംഗികപീഡനത്തിനിരയാക്കിയെന്ന പാർട്ടി പ്രവർത്തകന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരനെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.