കള്ളപ്പണം വെളുപ്പിക്കല്‍: കര്‍ണാടകയില്‍ മുന്‍ ഉദ്യോഗസ്ഥന്‍െറ  25 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ബംഗളൂരു: നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടക ഉദ്യോഗസ്ഥന്‍െറ 25 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹൈവേ വികസന വകുപ്പിലെ മുന്‍ ചീഫ് പ്രോജക്ട് ഓഫിസര്‍ എസ്.സി. ജയചന്ദ്രയുടെ സ്വത്താണ് ചൊവ്വാഴ്ച കണ്ടുകെട്ടിയത്. 

ഡിസംബര്‍ ഒന്നിന് നഗരത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 5.7 കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഇദ്ദേഹം ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. നിലവില്‍ ജയചന്ദ്ര ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജയചന്ദ്ര സ്വന്തം പേരിലും ഭാര്യയുള്‍പ്പെടെ മറ്റു ബന്ധുക്കളുടെ പേരിലും കോടികളുടെ അനധികൃത സ്വത്തുകള്‍ സമ്പാദിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിന്‍െറ വിവിധയിടങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടാന്‍ ബന്ധുക്കള്‍ ഇദ്ദേഹത്തിന് സഹായം നല്‍കി. ബംഗളൂരു, ചിത്രദുര്‍ഗ ജില്ലകളിലായി 13 താമസസ്ഥലങ്ങള്‍, മൂന്നു കൃഷിഭൂമികള്‍, ഫാം ഹൗസ് എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന്‍െറ വിപണിമൂല്യം 25 കോടി വരും. 

ജയചന്ദ്രക്ക് സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തിലാണ് ജയചന്ദ്രക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കള്ളപ്പണം വെളിപ്പിച്ചതിന് കേസെടുത്തത്. നോട്ട് അസാധുവാക്കിയതിനുപിന്നാലെ ഇടനിലക്കാര്‍ വഴി കമീഷന്‍ നല്‍കിയാണ് കള്ളപ്പണം വെളുപ്പിച്ചത്. പഴയ നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ കൈമാറാന്‍ വിപുലമായ നെറ്റ്വര്‍ക്ക് തന്നെയുണ്ടായിരുന്നു. ഇതിനായി 20 മുതല്‍ 35 ശതമാനം വരെ കമീഷന്‍ നല്‍കിയിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നാണ് പുതിയ നോട്ടുകള്‍ എത്തിയിരുന്നത്. സംഭവത്തില്‍ ഏതാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി കണ്ടത്തെി.

Tags:    
News Summary - Post demonetisation: ED attaches Rs 25 crore of assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.