എൻ.പി‌.ആർ പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ചെലവ് 8,500 കോടി രൂപ

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ പട്ടിക (എൻ.‌പി‌.ആർ) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. രാജ്യത്തെ ഓരോ “സാധാരണ താമസക്കാരൻ”െറയും സമഗ്രമായ വിവരങ്ങൾ സൃഷ്ടിക്കുകയാണ് എൻ‌.പി‌.ആറിൻെറ ലക്ഷ്യമെന്ന് സെൻസസ് കമ്മീഷൻ അറിയിച്ചു.

ഡാറ്റാബേസിൽ ജനസംഖ്യാപരമായതും ബയോമെട്രിക് വിശദാംശങ്ങളും ഉണ്ടായിരിക്കും. ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതിൽ കൂടുതലോ താമസിച്ച വ്യക്തിയാണ് “സാധാരണ താമസക്കാരൻ”. അതല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കും അപേക്ഷിക്കാം. ഇന്ത്യയിലെ ഓരോ വ്യക്തിയും എൻ.‌പി‌.ആറിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.

സെൻസസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എൻ‌.പി.‌ആർ ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌.ആർ‌.സി) നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായിട്ടാണ് ആരോപിക്കപ്പെടുന്നത്. പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ എൻ.‌പി‌.ആർ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്.

2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻ‌.പി‌.ആറിനായുള്ള പരിശീലനം നടക്കും. എൻ.‌പി.‌ആറിനായുള്ള ഡാറ്റ 2010ൽ യു.പി.എ സർക്കാറിൻെറ കാലത്താണ് ആദ്യമായി ശേഖരിച്ചത്. വീടുകൾ തോറുമുള്ള സർവേകൾ ഉപയോഗിച്ച് എൻ.‌പി.‌ആർ ഡാറ്റ 2015ൽ അപ്‌ഡേറ്റ് ചെയ്‌തു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷൻ ഇപ്പോൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു. എൻ.പി.ആർ പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ൽ നടക്കും.

Tags:    
News Summary - Population List NPR To Be Updated, Will Cost Rs 8,500 Crore: Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.