"പാവം കമൽ ഹാസൻ.. ബുദ്ധിസ്ഥിരതയില്ല" താരത്തിനെതിരെ കർണാടകയിൽ വൻപ്രതിഷേധം

കോഴിക്കോട്: കന്നട ഭാഷയെ അപമാനിച്ചുവെന്ന് ആരോപിച്ച് നടൻ കമൽ ഹാസനെതിരെ കർണാടകയിൽ വൻ പ്രതിഷേധം. താരത്തിനെതിരായ പ്രതിഷേധത്തിൽ കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട്. ശനിയാഴ്ച ഒരു സിനിമയുടെ പ്രമോഷണൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ കാര്യങ്ങളാണ് കമൽ ഹാസന് വിനയായത്. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന കമൽ ഹാസന്‍റെ പ്രസ്താവനയാണ് കർണാടക കോൺഗ്രസിനെയും ബി.ജെ.പിയേയും ചൊടിപ്പിച്ചത്.

'കന്നഡ ഭാഷക്ക് വളരെ വലിയ ചരിത്രമാണ് ഉള്ളത്. പാവം കമൽ ഹാസന് അതേക്കുറിച്ചൊന്നും അറിയില്ല.' എന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.

ബി.ജെ.പി നേതാവ് ആർ. അശോക കമൽ ഹാസനെ 'ബുദ്ധിസ്ഥിരതയില്ലാത്തയാൾ' എന്നാണ് വിശേഷിപ്പിച്ചത്. കർണാടകയിൽ കമൽ ഹാസന്‍റെ സിനിമകൾ ബഹിഷ്ക്കരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ, സാംസ്ക്കാരിക മേഖലകളിലെല്ലാം കമൽ ഹാസനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. നടന്‍ പ്രസ്താവനയിൽ വ്യക്തത വരുത്തണമെന്നും മാപ്പു പറയണമെന്നും പലരും ആവശ്യപ്പെട്ടു. കന്നട അനുകൂല സംഘടനകള്‍ ബംഗളൂരുവില്‍ പ്രതിഷേധിച്ചു. കന്നഡയെ താരം അപമാനിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പുതിയ ചിത്രമായ 'തഗ് ലൈഫ്' പുറത്തിറങ്ങാനിരിക്കെയാണ് കമൽ ഹാസന്‍റെ വിവാദ പരാമര്‍ശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.