ജനാധിപത്യ പാരമ്പര്യം മാനിക്കപ്പെടണം; ബ്രസീൽ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് മോദി

ന്യൂഡൽഹി: ബ്രസീലിൽ മുൻ പ്രസിഡന്റ് ജയ്ർ ബൊൽസൊനാരോയുടെ അനുയായികൾ നടത്തുന്ന കലാപത്തിൽ അതീവ ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീൽ സർക്കാരിന് എല്ലാ പിന്തുണയും അറിയിച്ച മോദി ജനാധിപത്യ സമ്പ്രദായ എല്ലായിടത്തും മാനിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.

''ബ്രസീലിലെ കലാപത്തെ കുറിച്ചുള്ള വാർത്തകളിൽ അത്യധികം ആശങ്കയുണ്ട്. എല്ലായിടത്തും ജനാധിപത്യ സമ്പ്രദായം മാനിക്കപ്പെടണം. ബ്രസീൽ സർക്കാരിന് എല്ലാവിധ പിന്തുണയും''-എന്നാണ് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയെ ടാഗ് ചെയ്ത് മോദി ട്വീറ്റ് ചെയ്തത്.

പാർലമെന്‍റിലും പ്രസിഡന്‍റിന്‍റെ വസതിയിലും സുപ്രീംകോടതിയിലും അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയ ബൊൽസൊനാരോ അനുയായികൾ കലാപസമാനമായ രംഗങ്ങൾ സൃഷ്ടിച്ചു. രണ്ട് വർഷം മുൻപ് അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായിരുന്നു ബ്രസീലിലും സംഭവിച്ചത്. ട്രംപുമായി ഏറെ അടുത്ത നേതാവ് കൂടിയാണ് ബൊൽസൊനാരോ.

ബൊൽസൊനാരോയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഇടത് നേതാവ് ലുല ഡ സിൽവ എട്ട് ദിവസം മുമ്പാണ് അധികാരമേറ്റത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും ലുല ഡ സിൽവയുടെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബൊൽസൊനാരോ അനുയായികളുടെ കലാപം. പട്ടാളം ഇടപെടണമെന്നും കലാപകാരികൾ ആവശ്യപ്പെടുന്നു. ബ്രസീൽ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ആക്രമികളെ നേരിടാനായി സൈന്യം രംഗത്തിറങ്ങി. തലസ്ഥാനമായ ബ്രസീലിയയിൽ പലയിടങ്ങളിലായി ബൊൽസൊനാരോ അനുയായികൾ തമ്പടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ രാജ്യം വിട്ട ബൊൽസൊനാരോ ഇപ്പോൾ ഫ്ലോറിഡയിലാണുള്ളത്. സമാധാനമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു കലാപ വാർത്തകളെ കുറിച്ച് ബൊൽസൊനാരോ പ്രതികരിച്ചത്. 

Tags:    
News Summary - PM Modi deeply concerned about brazil riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.