ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ബുൽഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തത് നിയനമാസൃതമാണെന്നും സർക്കാർ നടപടിക്കെതിരായ പൊതുതാൽപര്യ ഹരജികൾ കോടതികളെ വഴിതെറ്റിക്കാനാണെന്നും യു.പി സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രയാഗ് രാജിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീടുകൾ പ്രയാഗ്‌രാജ്, കാൺപൂർ, സഹാറൻപൂർ എന്നിവിടങ്ങളിലെ സിവിൽ അഡ്മിനിസ്‌ട്രേഷൻ അനധികൃത നിർമാണമാണെന്ന് ആരോപിച്ച് ഇടിച്ചു നിരത്തിയിരുന്നു. സർക്കാറിന്‍റെ ബുൾഡോസർ രാജിനെതിരെ ജൂൺ 13നാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജിയിൽ പരാമർശിച്ച സഹാറൻപൂറിലെ പൊളിക്കൽ നടപടികൾ നിയമാനുസൃതമാണെന്ന് യു.പി സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പൊളിക്കലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ അറസ്റ്റ് ചെയ്തുവെന്ന ആരോപണവും സർക്കാർ നിഷേധിച്ചു.
പ്രവാചകനിന്ദക്കെതിരായ പ്രതിഷേധങ്ങളുടെ ആസൂത്രകൻ എന്നാരോപിച്ചാണ് വെൽഫയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അനധികൃത നിർമാണം നടത്തിയെന്ന് കാണിച്ചായിരുന്നു നടപടി. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു അതോറിറ്റിയുടെ നീക്കം.
അതേസമയം, വീട് ജാവേദ് മുഹമ്മദിന്‍റെ ഭാര്യ പർവീൻ ഫാത്തിമയുടെ പേരിലായതിനാൽ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകർ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.