പ്രശാന്ത് കിഷോർ

‘ആളറിയാത്ത പാർട്ടിക്ക് കിട്ടിയത് ഒരുലക്ഷം വോട്ട്,’ 10,000 രൂപ​ക്ക് വോട്ടുവിൽക്കുന്നവരല്ല ബിഹാറികളെന്ന് പ്രശാന്ത് കിഷോർ

പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള ആരോപണത്തെ പിന്തുണച്ച് ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ബിഹാറിലെ മധുബനിയിൽ 30 ശതമാനം ആളുകൾക്കും മണ്ഡലത്തിൽ മത്സരിച്ച രാഷ്ട്രീയ ലോക് മോർച്ചയെന്ന (ആർ.എൽ.വി) പാർട്ടിയെക്കുറിച്ചോ അവരുടെ ചിഹ്നത്തെ കുറിച്ചോ അറിയുമായിരുന്നി​ല്ലെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം തങ്ങൾ നടത്തിയ സർവേയിൽ കണ്ടെത്തി. പക്ഷേ, തെരഞ്ഞെടുപ്പിൽ ആർ.എൽ.വിക്ക് കിട്ടിയത് 1,00000 വോട്ടാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

അതേസമയം, ബിഹാറിൽ ബി.ജെ.പി പണം നൽകി വോട്ടുവാങ്ങിയെന്ന കോൺഗ്രസ് ആരോപണം പ്രശാന്ത് കിഷോർ തള്ളി . ‘വോട്ടർമാർ 10,000 രൂപ വാങ്ങി തങ്ങളുടെ വോട്ടുവിറ്റുവെന്നാണ് ആരോപണം. തങ്ങളുടെയും മക്കളുടെയും ഭാവി അവർ 10,000 രൂപക്ക് വിൽക്കില്ല. കണക്കുകൂട്ടിയാൽ 10,000 എന്നത് പ്രതിദിനം 5.5 രൂപയാണ്. ആരാണ് ഇത്രയും തുഛമായ തുകക്ക് തങ്ങളുടെ വോട്ടവകാശം വിൽക്കുക? എങ്കിലും ഇതേച്ചൊല്ലി ചർച്ചകൾ തുടരുകയാണ്,’ പ്രശാന്ത് കിഷോർ പറഞ്ഞു.

ജനങ്ങളെ പ്രലോഭിപ്പിക്കാൻ ഭരണകക്ഷിയായ എൻ.ഡി.എ, സർക്കാർ സംവിധാനത്തെ സമർഥമായി ഉപയോഗിച്ചുവെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. എല്ലാ അസംബ്ളി സീറ്റിലും കുറഞ്ഞത് 60,000 –62,000 ആളുകൾക്കാണ് 10,000 രൂപ വീതം നൽകിയത്. ഇതിന് പുറമെ രണ്ട് ലക്ഷം വീതം വായ്പയും വാഗ്ദാനവും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാർ എൻ.ഡി.എ അധികാരത്തിലെത്തിയാൽ മാത്രമേ ലോൺ കിട്ടുകയുള്ളൂ എന്ന് ജനങ്ങളോട് പറയാൻ നിയോഗിക്കപ്പെട്ടു. ഇതേ ലക്ഷ്യത്തിനായി ജീവിക ദീദിമാരെയും നിയോഗിച്ചിരുന്നുവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

പ്രശാന്ത് കിഷോറിന്റെ വാക്കുകൾ:

‘സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ബീഹാറിൽ, ജനങ്ങൾക്കായി 40,000 കോടി രൂപ ചെലവഴിക്കുമെന്ന് ഒരു സർക്കാർ വാഗ്ദാനം ചെയ്തത്. അതുകൊണ്ടാണ് എൻ.‌ഡി.‌എ ഇത്ര വലിയ ഭൂരിപക്ഷം നേടിയത്. 10,000 രൂപക്ക് വോട്ടർമാർ വോട്ട് വിറ്റുവെന്ന് ആളുകൾ പറയുന്നു. അത് ശരിയല്ല; ഇവിടുത്തെ ആളുകൾ അവരുടെ ഭാവിയോ, കുട്ടികളുടെ ഭാവിയോ വിൽക്കില്ല. ഈ ചർച്ചക്ക് അവസാനമില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റ് ചെയ്തുവെന്ന് ചിലർ ആരോപിക്കുന്നു - അത് അവരുടെ കാര്യമാണ്. എന്നാൽ, ഓരോ നിയമസഭാ സീറ്റിലും കുറഞ്ഞത് 60,000–62,000 പേർക്കെങ്കിലും 10,000 രൂപ നൽകുകയും രണ്ട് ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്യുകയും ചെയ്തു. എൻ.‌ഡി‌.എ അധികാരത്തിൽ തിരിച്ചെത്തിയാൽ മാ​ത്രമേ വായ്പ ലഭിക്കുകയുള്ളൂവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാർ പറഞ്ഞു. ഇതുപറയാൻ ജീവിക ദീദികളെയും ചുമതലപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിൽ മധുബനിയിൽ മത്സരിച്ച ഉപേന്ദ്ര ഖുശ്‍വാഹയുടെ ആർ.എൽ.വി പാർട്ടിയുടെ ചിഹ്നമെന്താണെന്ന് വലിയപങ്ക് വോട്ടർമാർക്കും അറിയില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ സംഘം മധുബനിയിലെത്തി വോട്ടർമാരുടെ വീടുകയറി ആരാഞ്ഞപ്പോൾ 30 ശതമാനം ആളുകൾക്കും ആർ.എൽ.വിയെയോ ചിഹ്നത്തെയോ കുറിച്ച് അറിയില്ലായിരുന്നു, പക്ഷേ അവർക്ക് കിട്ടിയത് ഒരുലക്ഷം വോട്ടാണ്.’ മൂന്ന് വർഷമായി ബിഹാറിലെ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടും ജൻസുരാജ് പാർട്ടിയുടെ ചിഹ്നമെന്താണ് ഇന്നും വലിയ പങ്ക് ആളുകൾക്കുമറിയില്ല. വോട്ടിന് 10 ദിവസം മുമ്പ് മത്സരിക്കാനെത്തിയ ആർ.എൽ.വി പാർട്ടിയെക്കുറിച്ചും ചിഹ്നത്തെ കുറിച്ചും എങ്ങിനെ അറിയാനാണ്. എന്നിട്ടും അവർക്ക് ഒരുലക്ഷം വോട്ട് ലഭിച്ചു.’

ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാർ പണം നൽകി വോട്ടർമാരെ സ്വാധീനിച്ചുവെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജനയിലൂടെ 1.25 കോടി സ്ത്രീകൾക്കാണ് 10,000 രൂപ വീതം വിതരണം ചെയ്തത്.  

Tags:    
News Summary - People wont sell their future for Rs 10,000: Prashant Kishor weighs in on Bihar poll result outcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.