'പാസ്‌പോർട്ട് ഒരിക്കലും പൗരത്വ രേഖയല്ല, നിയമങ്ങളിൽ മാറ്റമില്ല'; വിവാദങ്ങൾക്കിടയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഇതിൽ യാതൊരുവിധ ആശങ്കകൾക്കും സ്ഥാനമില്ലെന്നും കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാർ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം പാസ്‌പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

1967-ലെ ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 20 വ്യക്തമാക്കുന്നത്, പൊതുതാത്പര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന് ആവശ്യമെന്ന് തോന്നുകയാണെങ്കിൽ ഇന്ത്യൻ പൗരനല്ലാത്ത ഒരു വ്യക്തിക്കും പാസ്‌പോർട്ടോ യാത്രാ രേഖയോ നൽകാൻ അധികാരമുണ്ടെന്നാണ്. അതേസമയം, ഇതേ നിയമത്തിലെ സെക്ഷൻ 6(2)(a) അനുസരിച്ച് അപേക്ഷകൻ ഇന്ത്യൻ പൗരനല്ലെങ്കിൽ പാസ്‌പോർട്ട് അതോറിറ്റിക്ക് പാസ്‌പോർട്ട് നിഷേധിക്കാനും അധികാരമുണ്ട്. ഈ നിയമവശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇതൊരു പുതിയ നിയമമാറ്റമല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നത്.

എന്നാൽ പാസ്‌പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഏത് രേഖയാണ് പൗരത്വം തെളിയിക്കാൻ ഉപയോഗിക്കേണ്ടതെന്ന് മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ ചോദ്യമുന്നയിച്ചു. ഒരു ബി.എൽ.ഒ വിചാരിച്ചാൽ പൗരത്വത്തിൽ സംശയം പ്രകടിപ്പിച്ച് വോട്ടവകാശം നിഷേധിക്കാൻ കഴിയുന്ന സാഹചര്യമാണോ ഉള്ളതെന്നും, ഇതിലൂടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രതിപക്ഷം കാലങ്ങളായി നിലനിൽക്കുന്ന ഒരു നിയമപരമായ യാഥാർഥ്യത്തെ അനാവശ്യമായി വിവാദമാക്കുകയാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ല എന്ന് ബോംബെ ഹൈക്കോടതി 2013-ൽ തന്നെ വിധിച്ചിട്ടുള്ളതാണെന്നും പൗരത്വം നിർണയിക്കുന്നത് 1955-ലെ സിറ്റിസൺഷിപ്പ് ആക്ട് പ്രകാരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ വോട്ടർമാർക്ക് തങ്ങളുടെ യോഗ്യത തെളിയിക്കാൻ സമർപ്പിക്കാവുന്ന 12 പ്രധാന രേഖകളിൽ ഒന്നായി 'ഇന്ത്യൻ പാസ്‌പോർട്ട്' ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത് വോട്ടർമാരുടെ ആശങ്ക ചെറുതായി ശമിപ്പിക്കുന്നുണ്ടെങ്കിലും പൗരത്വവും പാസ്‌പോർട്ടും തമ്മിലുള്ള ഈ നിയമപരമായ തർക്കം വരും ദിവസങ്ങളിലും സജീവമായി നിലനിൽക്കുമെന്നാണ് സൂചനകൾ.

Tags:    
News Summary - Passport never a citizenship document, no rule change, says govt amid row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.