ബംഗളൂരു: സംസ്ഥാനത്ത് 5700ലധികം ഗ്രാമപഞ്ചായത്തുകളുടെ അഞ്ചു വർഷ കാലാവധി ഈ വർഷം ഡിസംബറിലും അടുത്ത വർഷം ജനുവരിയിലും അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിച്ചു. പഞ്ചായത്തീ രാജ് കമീഷണർ അരുന്ധതി ചന്ദ്രശേഖർ 31 ജില്ല പഞ്ചായത്തുകളുടെ സി.ഇ.ഒമാരോടും കാലാവധി അവസാനിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വിശദപട്ടിക സമർപ്പിക്കാൻ നിർദേശിച്ചു.
ഡേറ്റ പഞ്ചായത്ത് രാജ് കമീഷണറേറ്റിൽ ഈ മാസം 24നകം സമർപ്പിക്കണം. അംഗങ്ങളുടെ വിശദാംശങ്ങൾ, സ്ത്രീകൾക്കും വിവിധ വിഭാഗങ്ങൾക്കുമുള്ള സംവരണ സവിശേഷതകൾ എന്നിവയുൾപ്പെടെ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന് കത്തെഴുതിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കർണാടക തെരഞ്ഞെടുപ്പ് കമീഷണർ ജി.എസ്. സൻഗ്രേഷി പറഞ്ഞു.
അതേസമയം, തദ്ദേശ സ്ഥാപന മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ചില ലെജിസ്ലേറ്റിവ് കൗൺസിൽ അംഗങ്ങൾ (എം.എൽ.സി) പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സ്ഥാനാർഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നിർദേശം നിരസിച്ചു. രാഷ്ട്രീയ ഗ്രൂപ്പിസത്തെ പ്രോത്സാഹിപ്പിക്കുകയും ഗ്രാമതല ഐക്യം തകർക്കുകയും ചെയ്യുന്ന മോശം ആശയം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ അവരുടേതായ ചിഹ്നങ്ങൾ ഉപയോഗിച്ച് മത്സരിക്കുന്നത് തുടരുമെന്നും അംഗീകൃത രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചു. കക്ഷിരാഷ്ട്രീയം സ്ഥാനാർഥി നിർണയത്തിൽ ഘടകമാണെങ്കിലും കർണാടകയിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്ന രീതിയില്ല. 2020 ഡിസംബറിൽ രണ്ടു ഘട്ടങ്ങളിലായാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. 93,000 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.