ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തെ തൃണമൂൽ കോൺഗ്രസ് പിന്തുണക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. തിങ്കളാഴ്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുനരാരംഭിക്കുമ്പോൾ അവിശ്വാസ പ്രമേയം പരിഗണിക്കും. "പക്ഷപാതപരമായി പെരുമാറി" എന്നാരോപിച്ച് ഓം ബിർളയെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 118 പ്രതിപക്ഷ എം.പിമാർ സമർപ്പിച്ച പ്രമേയത്തിൽ ടി.എം.സി എം.പിമാർ ഒപ്പിട്ടിരുന്നില്ല.
അവിശ്വാസ പ്രമേയത്തെ തങ്ങൾ അനുകൂലിക്കുന്നുണ്ടെന്നും അത് തിടുക്കത്തിൽ കൊണ്ടുപോകാൻ ആഗ്രഹിച്ചില്ല. ബജറ്റ് സമ്മേളനത്തിന്റെ അവസാന പകുതിയിൽ സമർപ്പിക്കായിരുന്നു തങ്ങൾ പറഞ്ഞതെന്നും ടിഎംസി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച നോട്ടീസ് പരിഗണിക്കുമ്പോൾ മിക്കവാറും എല്ലാ ടി.എം.സി എംപിമാരും ലോക്സഭയിൽ ഉണ്ടായിരിക്കുമെന്ന് നേതാവ് പറഞ്ഞു.
ഈ വിഷയത്തിൽ ടിഎംസി നേതാക്കൾ മറ്റ് പ്രതിപക്ഷ നേതാക്കളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ടി.എം.സിക്ക് രാജ്യസഭയിൽ 12 അംഗങ്ങളുണ്ടെങ്കിലും ലോക്‌സഭയിൽ 28 അംഗങ്ങളാണുള്ളത്. ഫെബ്രുവരി 10 ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ, മുൻ ഇന്ത്യൻ ആർമി മേധാവി ജനറൽ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പിൽ നിന്നുള്ള ഭാഗങ്ങൾ ഉദ്ധരിക്കാനോ സംസാരിക്കാനോ സ്പീക്കർ അനുവദിച്ചിരുന്നില്ല. തുടർന്നാണ് ബിർളയ്‌ക്കെതിരെ 118 എംപിമാരുടെ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലേക്ക് വരരുതെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം അവിടെ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അന്ന് സ്പീക്കർ പറഞ്ഞിരുന്നു. തർക്കങ്ങൾക്കിടയിൽ, എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് ബിർള സസ്പെൻഡ് ചെയ്തു. പ്രമേയം പരിഗണിച്ചാൽ, സഭയിൽ ചർച്ച നടക്കും. പ്രതിപക്ഷം മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, മാർച്ച് 9 ന് വിഷയം സഭയിൽ വരുമ്പോൾ നോട്ടീസ് പിൻവലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.