അമേരിക്കൻ ആക്രമണത്തിൽ തകരും മുമ്പ് ഇറാനിയൻ കപ്പലിന് ഇന്ത്യ അഭയം വാഗ്ദാനം ചെയ്തിരുന്നു?

ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ ഫ്രിഗേറ്റ് ഐറിസ് ദേനക്ക് (IRIS Dena) ഇന്ത്യ അഭയം വാഗ്ദാനം ചെയ്തിരുന്നതായി ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട്. ഫെബ്രുവരി 25-ന് വിശാഖപട്ടണത്ത് സമാപിച്ച അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും (IFR) മിലാൻ-2026 നാവികാഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങിയ കപ്പലാണ് ടോർപിഡോ ആക്രമണത്തിൽ തകർന്നത്.

ഗാല്ലെയിൽ നിന്നും 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇറാനിയൻ കപ്പലിന് സുരക്ഷിത താവളം വാഗ്ദാനം ചെയ്തിരുന്നത്. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനുനേരെ വ്യോമാക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്.

അതേസമയം, ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലായ 'ഐറിസ് ലവാൻ' (IRIS Lavan) മാർച്ച് 4 മുതൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഫെബ്രുവരി 28-ന് സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി ലവാന് അഭയം നൽകണമെന്ന് ഇറാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. മാർച്ച് ഒന്നിന് ഇതിനുള്ള അനുമതി നൽകുകയും കപ്പൽ കൊച്ചിയിലെത്തുകയുമായിരുന്നു. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ താമസമൊരുക്കിയിട്ടുണ്ട്. മറ്റൊരു ഇറാനിയൻ കപ്പലായ 'ഐറിസ് ബുഷെറിന്' (IRIS Bushehr) ശ്രീലങ്കൻ തുറമുഖത്ത് അടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

മാർച്ച് 4-ന് പുലർച്ചെ 5:30-ഓടെയാണ് ഐറിസ് ദേനയിൽ നിന്ന് അപായസന്ദേശം ലഭിച്ചത്. തുടർന്ന് ശ്രീലങ്കൻ നാവികസേന നടത്തിയ തിരച്ചിലിൽ 32 പേരെ രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 87 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാലിലെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ബാക്കി 60 ഓളം പേരെ കാണാതായതായാണ് വിവരം. കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

ഇന്ത്യൻ നാവികസേനയുടെ പി.8.ഐ (P8I) നിരീക്ഷണ വിമാനം, ഐ.എൻ.എസ് തരംഗിണി, ഐ.എൻ.എസ് ഇക്ഷക് എന്നീ സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇന്ത്യയുടെ അതിഥികളായ നാവികരുടെ മരണം വിശാഖപട്ടണത്തെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.  

Tags:    
News Summary - Iranian ship IRIS Dena was offered shelter by India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.