ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ 25കാരനെ തല്ലിക്കൊന്നതിനെ തുടർന്ന് ഡൽഹിയിലെ ഉത്തം നഗറിൽ സംഘർഷം പുകയുന്നു. രണ്ട് വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
മാർച്ച് നാലിന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. പതിനൊന്നുകാരി എറിഞ്ഞ വാട്ടർ ബലൂൺ റോഡിൽ വീണ് പൊട്ടി മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുടെ ദേഹത്ത് വെള്ളം തെറിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തന്റെ ദേഹത്ത് വെള്ളം തെറിച്ചതിൽ പ്രകോപിതയായ സ്ത്രീ കുട്ടിക്ക് നേരെ അസഭ്യം പറഞ്ഞു.ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലായി മാറുകയും ചെയ്യുകയായിരുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ തരുൺ കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തരുണിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഉത്തം നഗറിൽ സംഘർഷാവസ്ഥ രൂക്ഷമാവുകയായിരുന്നു. ഉത്തം നഗർ ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം പ്രതിഷേധവുമായി എത്തിയ ബജ്റങ് ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ കാറും മോട്ടോർ സൈക്കിളും അഗ്നിക്കിരയാക്കി. തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.