ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഒരു യുദ്ധം നടക്കുമ്പോൾ അത് നമ്മളെ ബാധിക്കില്ലല്ലോ എന്ന് ആശ്വാസം കൊണ്ട് കഴിയുന്നവർക്കിടയിലേക്കാണ് ഇടിത്തീ പോലെ പാചക വാതക വില വർധനയെത്തുന്നത്. 2025 ഏപ്രിലിനുശേഷം ഇതാദ്യമായി ഗാർഹിക പാചക വില വർധിക്കുമ്പോൾ അതിന് വഴിയൊരുക്കിയത് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണമാണ്. യു.എസും ഇസ്രായേലും ചേർന്ന് പ്രകോപനമൊന്നുമില്ലാതെ നടത്തിയ ഏകപക്ഷീയ ആക്രമണം പശ്ചിമേഷ്യയെ യുദ്ധഭീതിയിലേക്ക് തള്ളിവിടുകയും കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകളുടെ ജീവൻ കവരുകയും ചെയ്തു. ഒടുവിൽ ഇന്ത്യയിലെ പരകോടി സാധാരണക്കാരുടെ അടുക്കളയിലും യുദ്ധക്കൊതി ഗ്യാസ് സിലിണ്ടർ വില വർധനയുടെ രൂപത്തിൽ ‘ബോംബ്’ വർഷിക്കുകയാണ്.
ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന എൽ.പി.ജിയുടെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതിക്കാരാണ് ഇന്ത്യ. ആ കയറ്റുമതികളെല്ലാം ഗൾഫ് ഉൽപാദകരിൽ നിന്നാണ്. പ്രധാനമായും ഖത്തർ, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഹുർമുസ് കടലിടുക്ക് വഴിയാണ് ഇവയൊക്കെയും കടന്നുപോകുന്നത്.
എൽ.എൻ.ജിയുടെ അവസ്ഥയും അതുതന്നെയാണ്. ഇന്ത്യ കഴിഞ്ഞ വർഷം ഏകദേശം 25 ദശലക്ഷം ടൺ എൽ.എൻ.ജി ഇറക്കുമതി ചെയ്തു, അതിൽ ഏകദേശം 14 ദശലക്ഷം ടൺ ഹുർമുസ് വഴിയാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും കൂടുതൽ എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഹുർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. സമീപ ദിവസങ്ങളിൽ, ഇതുവഴിയുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുണ്ടായി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കടലിടുക്ക് ബലമായി കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. ഇതെല്ലാം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വഴികളിലെ ഗതാഗതത്തിൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
90 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ പകുതിയോളം - പ്രതിദിനം ഏകദേശം 2.5 മുതൽ 2.7 ദശലക്ഷം ബാരൽ വരെ - ഹുർമുസ് കടലിടുക്ക് വഴിയാണ് സഞ്ചരിക്കുന്നത്. പ്രധാനമായും ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണിത്.
അസംസ്കൃത എണ്ണയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ എൽ.പി.ജി കരുതൽ സംഭരണ ശേഷി പരിമിതമാണെന്ന് ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി നിലച്ചാൽ റിഫൈനർമാരുടെയും വിതരണക്കാരുടെയും കൈവശമുള്ള സ്റ്റോക്കുകൾക്ക് രണ്ടോ മൂന്നോ ആഴ്ചത്തെ ഡിമാൻഡ് മാത്രമേ നിറവേറ്റാൻ കഴിയൂ. തനിക്ക് അസംസ്കൃത എണ്ണയെക്കുറിച്ച് അത്ര ആശങ്കയില്ലെങ്കിലും എൽ.പി.ജിയെയും എൽ.എൻജി.യെയും കുറിച്ച് നേരിയ ആശങ്കകളുണ്ടെന്ന് കെപ്ലറിലെ വിശകലന വിദഗ്ധനായ സുമിത് റിറ്റോലിയ ബി.ബി.സിയോട് പറഞ്ഞു.
യു.എസ്-ഇറാൻ യുദ്ധം അനിശ്ചിതമായി നീളുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വെള്ളിയാഴ്ച വൻ വർധനവാണുണ്ടായത്. എണ്ണവിലയിലെ ഓരോ ബാരൽ 10 ഡോളറിന്റെ വർധനവും പണപ്പെരുപ്പം ഏകദേശം 0.2-0.25 ശതമാനം പോയിന്റുകൾ വർധിപ്പിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പറയുന്നു.
എന്നാൽ, ഇന്ത്യയിൽ ഏകദേശം 100 ദശലക്ഷം ബാരൽ എണ്ണ ശുദ്ധീകരണശാലകളിലും വാണിജ്യ ശേഖരണങ്ങളിലും ഉണ്ട്, അതിൽ ഏകദേശം 80% ഉപയോഗയോഗ്യമാണ്. എണ്ണയുടെ ലഭ്യതയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. എന്നാൽ, യുദ്ധം തുടരുകയും ലോകത്തിലെ ഏറ്റവും നിർണായകമായ പാത അനിശ്ചിതമായി അടച്ചിടുകയും ചെയ്താൽ അടുക്കളകളിലെ എൽ.പി.ജി സിലിണ്ടറുകളും പവർ പ്ലാന്റുകളിലേക്കുള്ള എൽ.എൻ.ജി വിതരണവും പ്രതിസന്ധി നേരിടാം.
അതേസമയം, രാജ്യത്ത് ഊർജ്ജ ക്ഷാമമില്ലെന്നും വിതരണ തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പുനൽകി. ‘നമ്മുടെ പൗരന്മാർക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന. അത് ഞങ്ങൾ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഊർജ്ജ ക്ഷാമമില്ല, നമ്മുടെ ഊർജ്ജ ഉപഭോക്താക്കൾക്ക് ഒരുതരത്തിലും ആശങ്കപ്പെടണ്ടേതില്ല’ -സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അറിയിച്ചു.
എൽ.പി.ജി രംഗത്ത്, മതിയായ ലഭ്യത ഉറപ്പാക്കാൻ എല്ലാ എൽ.പി.ജി റിഫൈനറികൾക്കും ഉത്പാദനം വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജനുവരി മുതൽ യു.എസിൽ നിന്നുള്ള എൽ.പി.ജി ഇന്ത്യയിലേക്ക് വന്നു തുടങ്ങിയിട്ടുണ്ടെന്നും നിലവിൽ ആവശ്യത്തിന് എൽപിജി സ്റ്റോക്കുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യു.എസ് ഗൾഫ് കോസ്റ്റിൽനിന്ന് ഏകദേശം 2.2 മെട്രിക് ടൺ പൗണ്ടിന്റെ എൽ.പി.ജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വർഷത്തെ കരാറിൽ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ 2025 നവംബറിൽ ഒപ്പുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.