ശ്രീനഗർ: ജമ്മു-കശ്മീർ സന്ദർശനത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത ശ്രീനഗർ-ഷാർജ നേരിട്ടുള്ള വിമാനസർവിസിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി പാകിസ്താൻ നിഷേധിച്ചു. ചെലവ് കുറഞ്ഞ എയർലൈൻ ആയ 'ഗോ ഫസ്റ്റ്' ആണ് സർവിസ് നടത്തിയിരുന്നത്.
പാകിസ്താൻ അനുമതി നിഷേധിച്ച കാര്യം വ്യോമയാന- വിദേശകാര്യ- ആഭ്യന്തര മന്ത്രാലയങ്ങളാണ് അറിയിച്ചത്. പാകിസ്താെൻറ വ്യോമപാത ഒഴിവാക്കി റൂട്ട് മാറ്റി ശ്രീനഗറിൽ നിന്ന് യു.എ.ഇയിലേക്ക് സർവിസ് നടത്തിയാൽ ഒരു മണിക്കൂറിലധികം യാത്ര വേണ്ടിവരും. ഇത് ഇന്ധനച്ചെലവ് കൂട്ടും. ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്യും.
ശ്രീനഗറിൽനിന്ന് യു.എ.ഇയിലേക്ക് നേരിട്ടുള്ള വിമാനസർവിസ് ഒക്ടോബർ 23നാണ് തുടങ്ങിയത്. ഒക്േടാബർ 30 വരെ ഈ സർവിസിന് പാക് വ്യോമപാത ഉപയോഗിച്ചിരുന്നു. എന്നാൽ, നവംബർ രണ്ടിന് വിമാനം പറന്നത് അറബിക്കടലിനു മുകളിലൂടെയുള്ള പാത ഒഴിവാക്കി രാജസ്ഥാനും ഗുജറാത്തിനും മുകളിലൂടെയായിരുന്നു.
അതേസമയം ഇടവിട്ടുള്ള ദിവസങ്ങളിൽ സർവിസ് തുടരുമെന്ന് ഗോ ഫസ്റ്റ് കമ്പനി അറിയിച്ചു. പാക് അനുമതി നിഷേധിച്ചതോടെ ഈ വിമാനസർവിസ് തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയും ശക്തമാണ്. 2009ൽ ഇതുപോലെ പാകിസ്താൻ അനുമതി നിഷേധിച്ചതിനാൽ ശ്രീനഗർ-ദുബൈ സർവിസ് നിലച്ചിരുന്നു. അതേസമയം, പാക് അനുമതി ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡൻറുമായ മഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.