ജയ്പൂർ: വാഹനങ്ങളുടെ മലിനീകരണ തോത് അനുവദനീയമായ പരിധിയിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കൺട്രോൾ) ഹാജരാക്കാത്തതിന് ഇലക്ട്രിക് കാറിന് ചലാൻ നൽകി രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം. ടാറ്റാ ടിയാഗോ ഇ.വി ഉടമയും അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ പുക സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഇ.വി ഉടമക്ക് 1500 രൂപയുടെ പിഴ ചുമത്തുകയായിരുന്നു.
ഇ.വി ഉടമയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിൽ വിൻഡ്‌ഷീൽഡ് ഷേഡുകൾ ഉപയോഗിച്ചതിനെ തുടർന്നാണ് പൊലീസ് വാഹനം തടഞ്ഞത്. പിന്നീട് ഇലക്ട്രിക് വാഹന ഉടമയും അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടറും തമ്മിൽ തർക്കമുണ്ടായി. ഇതോടെ വിൻഡ്‌ഷീൽഡ് ഷേഡുകൾ ഉപയോഗിച്ചതിന് 200 രൂപ പിഴ ചുമത്തി. കൂടാതെ, പുക സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസുകാരൻ ഇലക്ട്രിക് വാഹനത്തിന് പിഴ ചുമത്തുകയുമായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പുക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വാഹന ഉടമ വാദിച്ചെങ്കിലും പൊലീസ് അതിനെ കാര്യമായെടുത്തില്ല.
എന്നാൽ, കാറിന്റെ വിൻഡ്ഷീൽഡുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർ പൊലീസിനോട് തർക്കിക്കുകയായിരുന്നുവെന്നും പെട്ടന്നുണ്ടായ തർക്കത്തെ തുടർന്ന് മലിനീകരണ നിയന്ത്രണ ലംഘന ചലാൻ തെറ്റായി നൽകുകയായിരുന്നുവെന്നും പൊലീസ് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും തെറ്റായി നൽകിയ പിഴ ഒഴിവാക്കുമെന്നും പൊലീസ് അറിയിച്ചു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മലിനീകരണം ഉണ്ടാക്കാത്തതിനാൽ ഇലക്ട്രിക് വാഹനങ്ങളെ പുക പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.