ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമ നൽകിയ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തെലങ്കാന ഹൈകോടതി ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. റിനികി ഭൂയാന് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളുണ്ടെന്ന ഖേരയുടെ ആരോപണത്തെത്തുടർന്ന് ഗുവാഹത്തി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് കെ. സുജന ഉത്തരവിട്ടത്.
ബന്ധപ്പെട്ട കോടതിയിൽ ഒരാഴ്ചയ്ക്കകം ഹർജി നൽകാൻ ഖേരയ്ക്ക് കോടതി സമയം അനുവദിച്ചു. നിബന്ധനകൾക്ക് വിധേയമായാണ് താൽക്കാലിക ആശ്വാസം. പവൻ ഖേരയ്ക്ക് ഹൈദരാബാദിൽ സ്ഥിരതാമസമുള്ളതിനാലാണ് ഇവിടുത്തെ ഹൈക്കോടതിയെ സമീപിച്ചത്.
മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്ങിയാണ് പവൻ ഖേരയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഖേരയ്‌ക്കെതിരെയുള്ള ക്രിമിനൽ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഖേര നിയമനടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യതയുണ്ടെന്ന് അസം പൊലീസിന് വേണ്ടി ഹാജരായ ദേവജിത് സൈകിയ വാദിച്ചു. ഡൽഹിയിലെ വസതിയിൽ പൊലീസ് എത്തിയപ്പോൾ അദ്ദേഹം ഹൈദരാബാദിലേക്ക് കടന്നതായും അസം പൊലീസിനെ സമീപിക്കാതെ ഹൈദരാബാദിൽ ഹർജി നൽകിയതിനെ ചോദ്യം ചെയ്യപ്പെടണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഏപ്രിൽ അഞ്ചിനാണ് റിനികി ഭൂയാൻ ശർമയ്ക്ക് ഒന്നിലധികം പാസ്‌പോർട്ടുകളും വിദേശത്ത് സ്വത്തുക്കളുമുണ്ടെന്ന് പവൻ ഖേര ആരോപിച്ചത്. മുഖ്യമന്ത്രി സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ വിവരങ്ങൾ മറച്ചുവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. രേഖകൾ പരിശോധിക്കാതെയാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ബി.എൻ.എസ് പ്രകാരം വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഗുവാഹത്തി പൊലീസ് ഖേരക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.