അസദുദ്ദീൻ ഉവൈസി

ബി.ജെ.പിയുമായി ബന്ധമെന്ന്; ഹുമയൂൺ കബീറുമായുള്ള സഖ്യം ഉപേക്ഷിച്ച് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ നീക്കങ്ങളിൽ വഴിത്തിരിവ്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്‍റെ പാർട്ടിയുമായുള്ള സഖ്യം അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) ഔദ്യോഗികമായി അവസാനിപ്പിച്ചു. ബി.ജെ.പി നേതാക്കളുമായുള്ള ഹുമയൂൺ കബീറിന്റെ ബന്ധവും മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വിഡിയോ പുറത്തുവന്നതുമാണ് സഖ്യം തകരാൻ കാരണമെന്നാണ് ആരോപണം.

തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട സ്റ്റിങ് ഓപറേഷൻ വിഡിയോയെ തുടർന്നാണ് എ.ഐ.എം.ഐ.എം നിർണായക തീരുമാനമെടുത്തത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരുമായി ഹുമയൂൺ കബീറിന് അടുത്ത ബന്ധമുണ്ടെന്ന് വിഡിയോയിൽ ആരോപിക്കുന്നുണ്ട്. മുസ്‌ലിംകളെ എളുപ്പത്തിൽ വഞ്ചിക്കാൻ കഴിയുമെന്നും ബാബരി മസ്ജിദ് വിഷയം ഇതിനായി ഉപയോഗിക്കാമെന്നും വിഡിയോയിൽ കബീർ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.

"മുസ്‌ലിംകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളുമായി സഹകരിക്കാൻ എ.ഐ.എം.ഐ.എമ്മിന് കഴിയില്ല. ഹുമയൂൺ കബീറിന്റെ വെളിപ്പെടുത്തലുകൾ ബംഗാളിലെ മുസ്‌ലിംകൾ എത്രത്തോളം സുരക്ഷിതരല്ല എന്നതിന്റെ തെളിവാണ്," എന്ന് എ.ഐ.എം.ഐ.എം എക്സ് അകൗണ്ടിലൂടെ പങ്കുവെച്ചു.

എന്നാൽ, വിഡിയോ വ്യാജമാണെന്നും എ.ഐ നിർമിതമാണെന്നും ഹുമയൂൺ കബീർ പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് മനപ്പൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിലപാട് അറിയിച്ചത്.

തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് 'ആം ജനത ഉന്നയൻ പാർട്ടി' (എ.ജെ.യു.പി) രൂപവത്കരിച്ച് പ്രവർത്തിക്കുകയായിരുന്നു കബീർ. മമത ബാനർജിയുടെ പത്ത് വർഷത്തെ ഭരണത്തിന് കീഴിലും ബംഗാളിലെ മുസ്‌ലിംകൾ സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ടവരാണെന്ന് എ.ഐ.എം.ഐ.എം പ്രസ്താവനയിൽ വിമർശിച്ചു. പേരെടുത്ത് പറയാതെയായിരുന്നു തൃണമൂലിനെതിരായ ഈ വിമർശനം. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സ്വതന്ത്രമായ രാഷ്ട്രീയ ശബ്ദം നൽകാനാണ് തങ്ങൾ മത്സരിക്കുന്നതെന്നും ഉവൈസിയുടെ പാർട്ടി വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23, 29 തീയതികളിൽ ജനവിധി തേടും. മെയ് നാലിനാണ് വോട്ടെണ്ണൽ. നിലവിലെ സാഹചര്യത്തിൽ എ.ഐ.എം.ഐ.എം ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യത.

Tags:    
News Summary - Asaduddin Owaisi's AIMIM drops alliance with Humayun Kabir, alleges ties with BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.