ന്യൂഡൽഹി: എം.ബി.ബി.എസിന് നാലര വർഷം മാത്രം ഫീസ് ഈടാക്കിയാൽ മതിയെന്ന കർശന നിർദേശവുമായി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി). കോഴ്‌സ് അഞ്ചോ അഞ്ചരയോ വർഷം നീണ്ടാൽ അധിക കാലയളവിലേക്ക് അധിക ഫീസ് പാടില്ലെന്ന് മെഡിക്കൽ കോളജുകൾക്കും സ്ഥാപനങ്ങൾക്കും എൻ.എം.സി നിർദേശം നൽകി.ഔപചാരിക അക്കാദമിക് പഠനം നടക്കാത്ത ഇന്‍റേൺഷിപ് ഉൾപ്പെടുന്ന കാലയളവിലും മിക്ക മെഡിക്കൽ സ്ഥാപനങ്ങളും ഫീസ് വാങ്ങുന്നുണ്ടെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് കമീഷന്‍റെ ഇടപെടൽ.
എം.ബി.ബി.എസ് പഠനം നാലര വർഷം അഥവാ 54 മാസമാണ്. തുടർന്ന് ഒരു വർഷം നിർബന്ധ റൊട്ടേറ്റിങ് മെഡിക്കൽ ഇന്‍റേൺഷിപ്പാണ്. ക്ലാസ് മുറിയിലെ അധ്യാപനം ഉൾപ്പെടാത്ത ഇന്‍റേൺഷിപ് കാലയളവിന് ഫീസ് പാടില്ലെന്നാണ് കമീഷൻ വ്യക്തത വരുത്തിയിരിക്കുന്നത്.2019ലെ നിയമത്തിന് കീഴിലെ ചട്ടങ്ങൾ അനുസരിച്ച് വിദ്യാർഥികൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപിക്കാൻ പാടില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതി നടത്തിയ ചില പരാമർശങ്ങളും എൻ.എം.സി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാർഥികളെ സംബന്ധിച്ച് എൻ.എം.സിയുടെ ഇടപെടൽ വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്‍റേൺഷിപ്പിന് ഫീസ് ആവശ്യപ്പെട്ടാൽ നിയമപരമായി അത് ചോദ്യംചെയ്യാനും അവർക്ക് സാധിക്കും. നിർദേശം കർശനമായി പാലിക്കണമെന്ന് മെഡിക്കൽ കോളജുകളോടും സർവകലാശാലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിരുദ്ധമായി ഫീസ് ചുമത്തുന്ന സന്ദർഭം ശ്രദ്ധയിൽ പെട്ടാൽ ഗൗരവത്തോടെ കാണുമെന്നും കർശന നടപടികളിലേക്ക് കടക്കുമെന്നുമാണ് മുന്നറിയിപ്പ്.ഫീസ് ഘടന സുതാര്യവും ചൂഷണരഹിതവുമായിരിക്കണമെന്ന് സുപ്രീംകോടതിയുടെ വിവിധ വിധികളും കമീഷൻ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.